Blog

An insight on our Knanaya history

പേർഷ്യൻ സാമ്രാജ്യത്തിൻറെ തലസ്‌ഥാനമായ സെലൂഷ്യസിഫോൺ ആസ്‌ഥാനമാക്കിയ പൗരസ്ത്യ സഭകളുടെ അധിപൻ കിഴക്കിൻറെ കാതോലിക്കോസിന് നാലാം നൂറ്റാണ്ടിൻറെ നാലാം ദശകത്തിൽ ഒരു ദർശനം ലഭിച്ചു. ഭാരതത്തിലെ ക്രൈസ്തവ സഹോദരങ്ങൾ നേരിട്ടിരുന്ന പ്രതിസന്ധിയായിരുന്നു ദർശന വിഷയം. കേരളക്കരയുമായി വാണിജ്യ ബന്ധമുണ്ടായിരുന്ന ക്നായി ദേശക്കാരൻ തോമായിൽ നിന്ന് മാർത്തോമ ശ്ലീഹ സ്‌ഥാപിച്ച കേരളസഭക്കുറിച്ച് കാതോലിക്കോസ് കൂടുതലായി മനസ്സിലാക്കി. അന്ത:ഛിദ്രം, മതപീഡനം തുടങ്ങിയവമൂലം കേരളസഭ ക്ഷയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഇതറിഞ്ഞ കാതോലിക്കോസ് പറഞ്ഞു ” അവർക്കുവേണ്ടി ജീവൻ ബാലികഴിക്കുവാനും ഞാൻ തയ്യാറാണ്” ഇത് കൽപ്പിത കഥയല്ല. സമ്മറി ഓഫ് ദി ഹിസ്റ്ററി ഓൺ ദി മലബാർ കോസ്ററ് എന്ന കൃതിയിൽ ക്നാനായ പാരമ്പര്യത്തെ ഭാവനാത്മകമാം വിധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി (സുറിയാനിയിലും മലയാളത്തിലും) ഹോളണ്ടിലെ ലെയ്ഡൻ അക്കാദമി ഗ്രന്ഥ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഈ കാതോലിക്കോസാണ്  രാജ്യാന്തര വ്യാപാരിയായ ക്നായി തൊമ്മനെ ഏഴില്ലം 72 കുടുംബങ്ങളിൽ പ്പെട്ട 400 ഓളം ആളുകളുമായി കേരളക്കരയിലേയ്ക്ക് പ്രേഷിത കുടിയേറ്റത്തിനായി അയച്ചത്. സ്വന്തം ജന്മദേശം വിട്ടുള്ള യാത്ര എത്രയോ ഹൃദയഭേദകമായിരുന്നു എന്ന് നമ്മുടെ പുരാതനപാട്ടുകളിൽ നിന്ന് അറിയാം.

കപ്പലെ കേറുവാൻ കടപ്പുറം പൂക്കാറെ
ഉറ്റവർ ഉടയവർ ബന്ധുക്കളെല്ലാരും
തങ്ങളിൽ തങ്ങളിൽ അൻപോടെ തഴുകുന്നു
മാർ വൃത്തു കണ്ണുനീർ മാർവ്വം നനയുന്നു
തമ്പുരാനല്ലാതെ ഇല്ലൊരു സാക്ഷിയും

കാതോലിക്കോസിനു മുമ്പിൽ ഭക്തിയോടെ നമ്രശിരസ്കരായി നിന്ന് യാത്ര ചോദിച്ച പ്രേഷിത യാത്രാ സംഘത്തെ ആശീർവദിച്ച് ഇപ്രകാരം പറഞ്ഞു

മക്കളെ കാണുമോ ഹിന്ദുവിൽ പോയാൽ
ബന്ധങ്ങൾ വേർപെടാതോർക്കണമെപ്പോഴും
പത്തുമൊരേഴു മിങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കണം നിങ്ങളും

ഈ പത്തുമൊരേഴും എന്താണ്? 10 കൽപനകളും 7 കൂദാശകളും ജീവിതത്തിൻറെ കൂടെയുണ്ടാകണമെന്നും, ബന്ധങ്ങൾ വേർപെടാതെ നോക്കണമെന്നും നിർദ്ദേശിച്ചാണ് അവിടുന്നയച്ചത്.ഒരു മെത്രാനും ശെമ്മാശന്മാരും അടങ്ങിയ 72 ഇല്ലം 72  കുടുംബങ്ങളാണ് അവിടെ നിന്നും പോന്നത്. ഈ യാത്ര പുരാതനപ്പാട്ടിൽ വിവരിക്കുന്നത് ഇപ്രകാരമാണ്  

ഒത്തുതിരിച്ചവർ കപ്പൽക്കേറി
മലനാട് നോക്കി പുറപ്പെട്ടാറെ
കൊടുങ്ങലൂരങ്ങിതെ വന്നിറങ്ങി

ഈ പാട്ടിൽ പറയുന്നപോലെ കോട്ടയിൽ മന്നൻ പെരുമാളിനെ കണ്ടു പൊന്നും പവിഴവും മുത്തും കാഴ്ചവച്ചു. ഹൃദ്യവും ഉൗഷ്മളവുമായ സ്വീകരണമാണ് പെരുമാളിൽ നിന്ന് ലഭിച്ചത്. ഇവിടെയുണ്ടായിരുന്ന മാർത്തോമാ ക്രിസ്ത്യാനികൾ ആവേശപൂർവം അവരെ എതിരേറ്റു. നമുക്ക് ചേരമാൻ പെരുമാൾ താമസിക്കാനുള്ള സ്ഥലം കരം ഒഴിവായും 72 രാജ പദവികളും മറ്റും നൽകി ബഹുമാനിച്ചു സ്വീകരിച്ചു കൊടുങ്ങല്ലൂർ പട്ടണത്തിൽ (ചേരമാൻ പെരുമാളിന്റെ കൊട്ടാരത്തിനു തെക്കു ഭാഗത്ത്) പള്ളി പണിയാനും വീടുകൾ വയ്ക്കാനും വിപണനശാലകൾ നിർമ്മിക്കാനുമായി കരം ഒഴിവായ സ്ഥലം നൽകി.

ഭൂമിയോടൊപ്പം രാജമക്കളായ ഉന്നതജാതീയർ മാത്രം അനുഭവിച്ചു പോന്ന 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി നൽകി.

കൊടുത്താർ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കുഴലാലവട്ടം ശംഖും വിതാനം -മെയ്യെ
പൊന്മുടിയും മുറ്റും നല്ല ചമയമെല്ലാം
കൊടുത്താർ പദവികൾ  പാവാട പകൽവിളക്കും
രാജാവാദീയങ്ങളേഴും കുരവമൂന്നും -മെയ്യെ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം

ഈ പദവികൾ എന്നെന്നേയ്‌ക്കുമായാണ് നൽകപ്പെട്ടത്.

‘അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ളനാളൊക്കെ’.

രാജകീയ ചിഹ്നമായ വേന്തൻ മുടി ചേരമാൻ പെരുമാളിൽ നിന്ന് കിട്ടിയ പാരിതോഷികമാണ്. അത് ഇപ്പോൾ ചുങ്കം പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

ക്നാനായക്കാർ മൂന്ന് പേരുകളിൽ ആണ് അറിയപ്പെട്ടിരുന്നത് കൊടുങ്ങല്ലൂർ പട്ടണത്തിന് തെക്കു ഭാഗത്തു താമസിച്ചത് കൊണ്ട് തെക്കുഭാഗർ എന്നു വിളിക്കപ്പെട്ടു.ഇസ്രായേൽ രാജ്യത്തിലെ തെക്കൻ രാജ്യമായ യൂദയായിൽ നിന്ന് കുടിയേറിയതും തെക്കും ഭാഗക്കാർ എന്നറിയപ്പെടാൻ കാരണമായി.
സുറിയാനി ഭാഷ സംസാരിക്കുകയും സുറിയാനി ആരാധനാക്രമം പാലിക്കുകയും ചെയ്തതുകൊണ്ട് സുറിയാനിക്കാർ എന്നും അറിയപ്പെട്ടു. ക്നായി ദേശക്കാർ തോമയുടെ നേതൃത്വത്തിൽ വന്നതുകൊണ്ട് ക്നാനായക്കാർ എന്നും അറിയപ്പെടുന്നു.
നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്നാനായ കൊടിയേറ്റത്തോടുകൂടിയാണ് വികസിതവും വ്യവസ്‌ഥാപിതവുമായ ആരാധനാക്രമം ഭാരതത്തിൽ നിലവിൽ വന്നത്.ദക്ഷിണ മെസ്സെപൊട്ടോമിയായിലെ കിനായി, എസ്രാ, ഉറഹാ, ഉൗസ്, സെലൂഷ്യ, സ്റ്റെഫിലോൺ എന്നീ സ്‌ഥലങ്ങളിൽനിന്നാണ് നമ്മുടെ പൂർവ്വികർ കേരളക്കരയിലേയ്ക്ക് വന്നത് എന്ന് പുരാതന പാട്ടുകളിൽ നിന്ന് മനസ്സിലാക്കാം. ഇന്നത്തെ ഇറാക്കിലാണ് ഈ സ്‌ഥലങ്ങൽ സ്‌ഥിതിചെയ്യുന്നത്. 1990 അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ ഇറാക്കിലേയ്ക്ക് പഠന പര്യടനം നടത്തിയപ്പോൾ കീനായി എന്നൊരു നഗരം ഉണ്ടായിരുന്നതായി സ്‌ഥിതികരിക്കുവാൻ കഴിഞ്ഞു.എസ്രാ പ്രവാചകന്റെ കബറിടം അവിടെ അവർ കണ്ടു. സ്വവംശ വിവാഹനിഷ്ഠ  പ്രത്യേകമായുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുൻപ് എസ്രാ പ്രവാചകന്റെ കബറിടത്തിങ്കൽ പോയി പ്രാർത്ഥിച്ച ശേഷമാണ് യാത്ര തിരിച്ചത്. ആ ചൈതന്യം ഇന്ത്യയിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടായിരിക്കാം പ്രത്യേക പ്രാർത്ഥന നടത്തിയത്.പൂർവപിതാക്കന്മാരുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങി AD 345 ക്നായി തോമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിയ മെത്രാനും ശെമ്മാശൻ മാരും ഉൾപ്പെട്ട 72 ഇല്ലം 72  കുടുംബങ്ങൾ കൊടുങ്ങല്ലൂരിൽനിന്നും ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും എത്തിയിട്ടുണ്ട്.

1671 വർഷം മുൻപ് അതായതു 16 1/ 2 നൂറ്റാണ്ടുകൾക്കു മുൻപ് കൊടുങ്ങലൂരിൽ എത്തിയ ഈ ജനം ദൈവവിശ്വാസത്തിൽ ഉറച്ചുനിന്നു എന്നുള്ളതിനുള്ള തെളിവാണ് ചെന്നിടങ്ങളിലെല്ലാം പള്ളികൾ സ്‌ഥാപിക്കുകയും അവിടെ ഒന്നിചു കൂടി വളരുകയും ചെയ്തു എന്നുള്ളത്. ജീവിക്കുന്ന പാരമ്പര്യവും തലമുറ കൈമാറി ലഭിച്ച പൈതൃകവും സ്വസമുദായ വിവാഹനിഷ്ഠ ഉൾപ്പെടെ അമൂല്യ മായ പലതും നമുക്കുണ്ട് . ഇവയൊന്നും നഷ്ടമാക്കാതെ മുൻപോട്ടു കൊണ്ടുപോകുക എന്നത് അടുത്ത തലമുറക്കാരായ ഓരോരുത്തരുടെയും കടമയാണ്. നാം വലിയ ഒരു പാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരാണ് . സമുദായ സ്നേഹത്തിലും അടിയുറച്ച  ദൈവവിശ്വാസത്തിലും ജീവിക്കുവാൻ ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ .

 Annamma-John-Tharayil

 

 

 

 

Mrs. Annamma John