Blog

Moonnu Nombu and Purathumaskaram at Kaduthuruthy

കടുത്തുരുത്തിവലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ മൂന്ന്‌ നോമ്പാചരണവും പുറത്തുനമസ്‌കാരവും ഫെബ്രുവരി 5, 6, 7 തീയതികളില്‍ (2017) നടത്തപ്പെടുന്നു. ഞായര്‍ , തിങ്കള്‍ , ചൊവ്വ ദിവസങ്ങളായിട്ടാണ്‌ എല്ലാ വര്‍ഷവും ഈ നോമ്പാചരണം നടത്തപ്പെടുന്നത്‌. ചൊവ്വാഴ്‌ചദിവസമാണ്‌ ചരിത്രപ്രസിദ്ധമായ പുറത്തുനമസ്‌കാരം. പുരാതന കാലത്ത്‌ പ്രസ്‌തുത ദേശങ്ങളിലെ സുറിയാനിക്രൈസ്‌തവരെല്ലാവരും വളെരെ ഭക്തിനിര്‍ഭരമായി ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. ക്‌നാനായക്കാര്‍ക്ക്‌ കടുത്തുരുത്തിയിലെ മൂന്ന്‌ നോമ്പിലുംപുറത്തുനമസ്‌കാരത്തിലും  നിര്‍ബന്ധപൂര്‍വം പങ്കെടുക്കുന്നപാരമ്പര്യമാണുണ്ടായിരുന്നത്‌.

മൂന്ന്‌ നോമ്പ്‌
കേരള സഭയിലും കല്‍ദായ സഭയിലും നെസ്‌തോറിയന്‍ സഭയിലും അന്ത്യോക്യന്‍ മലങ്കര സഭകളിലും അലക്‌സാണ്‌ഡ്രിയന്‍ സഭയിലും വലിയ നോമ്പിന്‌ മുമ്പ്‌ ആചരിച്ചുവരുന്ന മൂന്ന്‌ ദിവസത്തെ നോമ്പുണ്ടായിരുന്നു. വലിയ നോമ്പിലെ പേത്തുര്‍ത്തായ്‌ക്ക്‌ മുമ്പ്‌ മൂന്നാമത്തെ ആഴ്‌ചയിലെ തിങ്കള്‍ , ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ നോമ്പാചരിക്കുകയും വ്യാഴാഴ്‌ച തിരുനാളായി ആചരിക്കുകയും ചെയ്യുന്നതാണ്‌ പതിവ്‌.

ചരിത്രം
എ. ഡി. 570 നും 581നും ഇടയ്‌ക്ക്‌ നിനിവേ, ബേസ്‌ഗര്‍മയി, അത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കഠിനമായ പ്ലേഗ്‌ ബാധയുണ്ടാവുകയും ജനങ്ങള്‍ മോചനത്തിനായി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. ഒരു തിങ്കളാഴ്‌ച മുതല്‍ വ്യാഴാഴ്‌ചവരെ കഠിനമായി ഉപവസിക്കുകയും ചെയ്‌തു. പ്ലേഗില്‍നിന്നും വിമോചിതമായതിന്റെ നന്ദിയായി എല്ലാ വര്‍ഷവും ഈ ആചരണം തുടരണമെന്ന്‌ അവിടുത്തെ പാത്രീയര്‍ക്കീസ്‌ തീരുമാനിച്ചതായി പറയപ്പെടുന്നു. ഇതിന്‌ ശേഷമാണ്‌ നിനിവേക്കാരുടെ ഉപവാസവുമായി ഇതിനെ ബന്ധിപ്പിച്ചതെന്ന്‌ പറയാറുണ്ട്‌.

നിനിവേക്കാരുടെ ഉപവാസവും മൂന്ന്‌ നോമ്പിന്റെ ചൈതന്യവും

നിനിവേ നഗരത്തില്‍ പോയി നഗരവാസികളോട്‌ മനസ്‌തപിക്കണമെന്ന്‌ ആഹ്വാനം ചെയ്യുവാന്‍ ദൈവം യോനാപ്രവാചകനോട്‌ കല്‌പിച്ചെങ്കിലും അദ്ദേഹം കല്‌പന ലംഘിച്ച്‌ എതിര്‍ദിശയിലേയ്‌ക്ക്‌ പോയി. പക്ഷേ യാത്രയുടെ ഇടയില്‍ അദ്ദേഹം കടലിലെറിയപ്പെടുകയും മത്സ്യം പ്രവാചകനെ വിഴുങ്ങുകയും ചെയ്‌തു. മൂന്ന്‌ നാള്‍ മത്സ്യത്തിന്റെ ഉള്ളിലകപ്പെട്ട പ്രവാചകന്‍ മനസ്‌തപിച്ചപ്പോള്‍ ദൈവഹിതപ്രകാരം മത്‌സ്യം പ്രവാചകനെ കടല്‍ത്തീരത്ത്‌ ഛര്‍ദ്ദിച്ചിട്ടു. തുടര്‍ന്ന്‌ യോനാ പ്രവാചകന്‍ നിനിവേയില്‍ പ്രസംഗിക്കുകയും ജനം മുഴുവന്‍ മാനസാന്തരപ്പെടുകയും ചെയ്‌തു.ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ്‌ മൂന്ന്‌ നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിതനവീകരണത്തിനുംവേണ്ടിയുള്ള ഒരു അവസരമായിട്ടാണ്‌ പിതാക്കന്മാര്‍ മൂന്ന്‌ നോമ്പിനെ കാണുന്നത്‌. വി. ഗ്രന്ഥത്തിലെ, യോനാ പ്രവാചകന്റെ പുസ്‌തകത്തിലെ തിരുവചനങ്ങള്‍ക്കനുസരിച്ച്‌ മനസ്‌തപിച്ച്‌ ജീവിതത്തിലേയ്‌ക്ക്‌ തിരിയാനുള്ള ആഹ്വാനമാണ്‌ പുറത്തുനമസ്‌കാരത്തില്‍ കാണുന്നത്‌. നാഥാ … .. കനിയണമേ എന്ന യാചനയാണ്‌ ഹൃദയസ്‌പര്‍ക്കായവിധം ഈ തിരുക്കര്‍മങ്ങളിലുടനീളം കേള്‍ക്കുന്നത്‌.

മൂന്ന്‌ നോമ്പ്‌ കേരളത്തില്‍
1599 ല്‍ കടുത്തുരുത്തി സന്ദര്‍ശിച്ച മെനേസിസ്‌ മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഗുവെയാ നല്‌കുന്ന യാത്രാ വിവരണത്തില്‍ മൂന്ന്‌ നോമ്പിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. കടുത്തുരുത്തിയില്‍ മാത്രമല്ല കുറവിലങ്ങാടും മൂന്ന്‌ നോമ്പ്‌ ആഘോഷമായി കൊണ്ടാടിയിരുന്നു. രണ്ട്‌ ദേശങ്ങളിലുള്ളവര്‍ക്കും പരസ്‌പരം നോമ്പ്‌ ആചരണത്തില്‍ പങ്കെടുക്കാനുതകും വിധമാണ്‌ തീയതികള്‍ ക്രമപ്പെടുത്തിയിരുന്നത്‌.

പുറത്തുനമസ്‌കാരം

മൂന്ന്‌നോമ്പിനോടനുബന്ധിച്ച്‌ കടുത്തുരുത്തി വലിയപള്ളിയില്‍ ചൊവ്വാഴ്‌ചവൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിങ്കല്‍വച്ച്‌ പരമ്പരാഗതമായി നടത്തിവരുന്ന ഒരു പ്രാര്‍ത്ഥനാശുശ്രൂഷയാണ്‌ പുറത്തുനമസ്‌കാരം. സുറിയാനിഭാഷയിലായിരുന്ന പ്രസ്‌തുതശുശ്രൂഷകള്‍ ഇപ്പോള്‍ മലയാളത്തില്‍ തര്‍ജിമചെയ്‌ത്‌ ഉപയോഗിച്ചുവരുന്നു. പഴയനിയമത്തില്‍ നിനിവേ നിവാസികള്‍ ദൈവകോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും യൗനാന്‍ പ്രവാചകന്റെ ആഹ്വാനമനുസരിച്ച്‌ തപസ്സും പ്രായ്‌ശ്ചിത്തവുംവഴി രക്ഷനേടിയ സംഭവമാണ്‌ ഇത്‌ വിവരിക്കുന്നത്‌. യൗനാന്‍ പ്രവാചകന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളും – ദൈവഹിതത്തില്‍നിന്നുള്ള ഒളിച്ചോട്ടം, കടലിലെറിയപ്പെടുന്നത്‌, മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞത്‌, നിനിവയിലേയ്‌ക്കുള്ള മടക്കവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും- ഈ പ്രാര്‍ത്ഥനകളിലും വായനകളിലും കാണാം.
ദൈവകൃപസ്വീകരിച്ചിട്ടും ദൈവത്തില്‍നിന്നും അകന്നുപോകുന്നവര്‍ക്കുള്ള രക്ഷയുടെ ദിവസമായി ഈ നമസ്‌കാരദിവസം കണക്കാക്കുന്നു. ഹൃദയസ്‌പര്‍ശിയായ കാറോസൂസകളും അവയ്‌ക്ക്‌ പ്രത്യുത്തരമായി നാഥാ കനിയണമേയെന്ന ഗീതവും ഈ പ്രാര്‍ത്ഥനശുശ്രൂഷയുടെ ഭാഗമാണ്‌. ബായേനന്‍ മെന്നാക്‌മാറന്‍ (ഞങ്ങളുടെ കര്‍ത്താവേ അങ്ങയോട്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു) എന്ന യാചനഗാനം ഈ പ്രാര്‍ത്ഥനയില്‍ പലപ്രാവിശ്യം മുട്ടുകുത്തി ആലപിക്കുന്നു.

Source:kottayamad