Novena

Novena of St. Kuriakose
NovenaV2


പ്രാര്‍ത്ഥന


നമുക്കെല്ലാവര്‍ക്കും, വിശ്വാസത്തോടും, എളിമയോടും കൂടെ നിന്ന് വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ക്രിസ്തീയ വിശ്വാസത്തെ സ്വന്തം ജീവനേക്കാള്‍ ശ്രേഷ്ഠമായിക്കണ്ട് അമ്മയായ ജൂലിയറ്റിനോടൊപ്പം രക്തസാക്ഷിത്വം വഹിച്ച  വി. കുര്യാക്കോസേ ജീവിത  ദുഃഖങ്ങളില്‍ തളരാതെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ശരീരത്തെ മാത്രം കൊല്ലാന്‍ കഴിയുന്നവരെ ഭയപ്പെടാതെ ആത്മാവിനെയും, ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെട്ട വി. കുര്യാക്കോസേ ഈ ലോക ശക്തികളെ ഭയപ്പെടാതെ ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കാന്‍ കഴിവുള്ള ദൈവത്തില്‍  മാത്രം ശരണപ്പെട്ട് ജീവിക്കുവാന്‍  ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മനുഷ്യരുടെ മുമ്പില്‍ കര്‍ത്താവിനെ ഏറ്റുപറഞ്ഞ് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഏറ്റുപറയപ്പെടുവാന്‍ യോഗ്യത നേടിയ വി. കുര്യാക്കോസേ മറ്റുള്ളവരുടെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞ് ദൈവമഹത്വത്തിനായി ജീവിക്കുവാനും സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കാനും ഞങ്ങളെ സഹായിക്കണമെന്നു  ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി  ശിശുസഹജമായ എളിമയോടും നിഷ്ക്കളങ്കതയോടും കൂടെ ഞാന്‍ ക്രിസ്ത്യാനിയാകുന്നു എന്ന് ഉത്ഘോഷിച്ചുകോണ്ട് സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനായി തീര്‍ന്ന വി. കുര്യാക്കോസേ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദൈവഹിതം നിറവേറ്റി  സ്വര്‍ഗ്ഗത്തില്‍ വലിയവരായിത്തീരുവാന്‍ ഞങ്ങളെ സഹായിക്കണമെന്നു  ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഞങ്ങളുടെ ഇടവക മദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വി. കുര്യാക്കോസേ ഞങ്ങളുടെ നാടിനേയും, ഇടവകയേയും കുടുംബങ്ങളേയും സുരക്ഷിതമായി കാത്തുരക്ഷിക്കണമെന്നും, വൈദീകരേയും, സന്യസ്തരേയും വിശുദ്ധിയിലും, ആത്മീയ ചൈതന്യത്തിലും വളര്‍ത്തണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

**  വി. കുര്യാക്കോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ


പ്രാര്‍ത്ഥിക്കാം


വിശുദ്ധരില്‍ വസിക്കുകയും അവരില്‍ സംപ്രീതനായി അത്ഭുതകരമായ വരങ്ങളാല്‍ അവരെ അലങ്കരിക്കുകയും ചെയ്യുന്ന കര്‍ത്താവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വി.കുര്യാക്കോസിന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ. രോഗികള്‍ക്ക് സൗഖ്യവും,ദുഃഖിതര്‍ക്ക് ആശ്വാസവും അങ്ങില്‍ ശരണപ്പെടുന്നവര്‍ക്ക് സംരക്ഷണവും പ്രദാനം ചെയ്യണമേ .തിന്മയുടെ ബന്ധനങ്ങളില്‍ നിന്നും ദുശീലങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക്‌ മോചനം നല്‍കേണമേ .ദമ്പതിമാരെ നിര്‍മ്മലമായ സ്നേഹത്തിലും വിശ്വസ്തയിലും ബന്ധിക്കേണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെസദാചാര ബോധത്തിലും സ്വഭാവശുദ്ധിയിലും വളര്‍ത്തുകയും അനുയോജ്യമായ ജീവിതാന്തസ് തിരഞ്ഞെടുക്കുവാന്‍ സഹായിക്കുകയും ചെയ്യണമേ. ഞങ്ങളുടെ ഓരോരുത്തരുടെയും,ഞങ്ങളുടെ കുടുംബങ്ങളുടെയും, ഇടവകയുടെയും, സ്വപ്നങ്ങളും,നിയോഗങ്ങളും അവിടുത്തെ തിരുമനസ്സിനൊത്തവിധം സഫലമാക്കണമേ.(മൗനം  –  നിയോഗസമര്‍പ്പണം). ജീവിതകാലം മുഴുവന്‍ അങ്ങയെ പ്രസാദിപ്പിച്ചുകൊണ്ട്  ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. കുര്യക്കൊസിനോടും, സകല വിശുദ്ധരോടുമോപ്പം സ്വര്‍ഗ്ഗ സൗഭാഗ്യം അനുഭവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

നിത്യനായ സര്‍വ്വേശ്വരാ എന്നേക്കും
ആമ്മേന്‍.