Blog

21 Benefits of Making the Sign of the Cross

 

Holy-crossകുരിശടയാളം വരക്കുന്നത് ഒരു ചെറിയ ശാരീരിക ചേഷ്ടയാണെങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെ ഉദാത്തമായ ഒരു പ്രകടനമാണ്. കത്തോലിക്ക വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് കുരിശു വരക്കല്‍. എന്നാല്‍ നമ്മള്‍ കുരിശടയാളം വരക്കുന്നത് വഴി ശരിക്കും എന്താണ് ചെയ്യുന്നത് ? കുരിശടയാളം വരക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചുമാണ് നാം ഇനി ധ്യാനിക്കുന്നത്.
1. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാകുന്നു.
നമ്മുടെ പ്രാര്‍ത്ഥന തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളം വരക്കുന്നത് വഴിയാണ്. എന്നാല്‍ കുരിശടയാളം തന്നെ ഒരു പ്രാര്‍ത്ഥനയാണ് എന്ന സത്യം ഒരുപക്ഷേ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അടിസ്ഥാനപരമായി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞാല്‍ വിശുദ്ധ ജോണ്‍ ദമാസീന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. വിശുദ്ധന്‍ പറയുന്നു. “പ്രാര്‍ത്ഥന ദൈവത്തിന്റെ മനസ്സിലേക്കുള്ള ഒരു നവോത്ഥാനമാണ്”. അങ്ങിനെയാണെങ്കില്‍ കുരിശടയാളം തീര്‍ച്ചയായും ഒരു പ്രാര്‍ത്ഥന തന്നെയാണ്. “കുരിശടയാളം വരക്കല്‍ വെറുമൊരു ആംഗ്യമല്ല, നമ്മുടെ പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാഷകനും പ്രതിനിധിയുമായി പരിശുദ്ധാത്മാവിനെ ചുമതലപ്പെടുത്തുന്ന ഏറ്റവും ഫലവത്തായ ഒരു പ്രാര്‍ത്ഥനയാണ് കുരിശടയാളം വരക്കല്‍” എന്ന് നിരവധി കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ ബെര്‍ട്ട് ഗെസ്സി എഴുതിയിരിക്കുന്നു.

2. കൃപ സ്വീകരിക്കാന്‍ ഒരുക്കുന്നു ‍
ബെര്‍ട്ട് ഗെസ്സിയുടെ വാക്കുകളില്‍ ഒരു കൂദാശ എന്ന നിലയില്‍ കുരിശടയാളം, ദൈവീക കൃപകളെ സ്വീകരിക്കുവാനായി നമ്മളെ ഒരുക്കുന്നതിനോടൊപ്പം തന്നെ, ദൈവ കൃപയോട് സഹകരിക്കുവാന്‍ തക്കവണ്ണം നമ്മളെ യോഗ്യരാക്കുകയും ചെയ്യുന്നു.

3. നമ്മുടെ ദിവസത്തെ വിശുദ്ധീകരിക്കുന്നു.
നമ്മുടെ ഓരോ ദിവസവും നിരവധി പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ്. കുരിശടയാളം നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. “മുന്നോട്ടുള്ള ഓരോ ചുവടിലും, ചലനത്തിലും, ഓരോ പ്രാവശ്യവും പുറത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴും, നമ്മള്‍ നമ്മുടെ വസ്ത്രങ്ങളും പാദുകങ്ങള്‍ ധരിക്കുമ്പോഴും, കുളിക്കുമ്പോഴും, കസേരയില്‍ ഇരിക്കുമ്പോഴും, വിളക്കുകള്‍ തെളിക്കുമ്പോഴും, കിടക്കുമ്പോഴും തുടങ്ങി ഒരു ദിവസത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തികളില്‍ പോലും നമ്മള്‍ നമ്മുടെ നെറ്റിയില്‍ കുരിശടയാളം വരക്കണം” എന്ന് ടെര്‍ട്ടൂലിയന്‍ എഴുതിയിരിക്കുന്നു.

4. ‍നമ്മളെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുന്നു.
നമ്മുടെ കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, നമ്മുടെ മനസ്സിനും, വികാരങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, നമ്മുടെ ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം നമ്മുടെ ശരീരത്തേയും, ആത്മാവിനേയും, മനസ്സിനേയും, ഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. “നിങ്ങളുടെ ശരീരം, ആത്മാവ്, മനസ്സ്, ആഗ്രഹം, ചിന്തകള്‍, വികാരങ്ങള്‍, നിങ്ങള്‍ ചെയ്യുന്നതും, ചെയ്യാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും കുരിശടയാളത്തിലൂടെ സമര്‍പ്പിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ കുരിശ് നാം വരക്കുമ്പോള്‍ നമ്മളെ ശക്തിപ്പെടുത്തുകയും, നമ്മളെ മുഴുവാനായും ക്രിസ്തുവിന്റെ ശക്തിയില്‍ ചേര്‍ക്കുകയും ചെയ്യും”. ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന റൊമാനോ ഗാര്‍ഡിനി പറയുന്നു.
5. ‍യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഓര്‍മ്മപുതുക്കുന്നു.
കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം നെറ്റിയില്‍ നിന്നും നെഞ്ചിലേക്ക് ചലിപ്പിക്കുന്നത് “യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു” എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുരിശടയാളം എങ്ങനെയാണ് വരക്കേണ്ടതെന്ന തന്റെ നിര്‍ദ്ദേശങ്ങളില്‍ ഇന്നസെന്റ്‌ മൂന്നാമന്‍ പാപ്പാ ഇപ്രകാരം എഴുതിയിരിക്കുന്നു, “രണ്ടു വിരലുകള്‍ ചേര്‍ത്ത് പിടിച്ച് ഒന്നുകില്‍ പെരുവിരല്‍ മോതിരവിരലിനൊപ്പമോ അല്ലെങ്കില്‍ ചൂണ്ട് വിരലിനൊപ്പമോ ചേര്‍ത്ത് പിടിച്ചു കൊണ്ട് വേണം കുരിശടയാളം വരക്കുവാന്‍”. ഇത് ക്രിസ്തുവിന്റെ ഇരട്ട പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്നു.

6. ‍നമ്മുടെ കര്‍ത്താവിന്റെ സഹനങ്ങളെ ഓര്‍ക്കുന്നു.
അടിസ്ഥാനപരമായി, കുരിശിന്റെ ഒരു ബാഹ്യരൂപം വരക്കുന്നത് വഴി നമ്മള്‍ യേശുവിന്റെ കുരിശുമരണത്തെ ഓര്‍മ്മിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നമ്മുടെ വലത് കരം തുറന്ന് പിടിച്ച് അഞ്ച് വിരലുകളും ഉപയോഗിച്ച് കുരിശടയാളം വരക്കുകയാണെങ്കില്‍ അത് ക്രിസ്തുവിന്റെ ഓര്‍മ്മപുതുക്കലിനെ ഒന്നുകൂടി ശക്തിപ്പെടുത്തും. അഞ്ചു വിരലുകളും യേശുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധാനം ചെയ്യുന്നു.

7. പരിശുദ്ധ ത്രിത്വത്തിന്റെ സ്ഥിരീകരണത്തെ അനുസ്മരിക്കുന്നു. ‍
കുരിശു വരക്കുമ്പോള്‍ പിതാവായ ദൈവത്തേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും ധ്യാനിക്കുന്നത് വഴി നമ്മള്‍ ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്ന്‍ വിരലുകള്‍ ഉപയോഗിച്ച് ഈ അടയാളം വരക്കുകയാണെങ്കില്‍ അത് നമ്മുടെ ഈ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തുമെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പ പറഞ്ഞിരിക്കുന്നു.

8. നമ്മുടെ പ്രാര്‍ത്ഥന ദൈവത്തില്‍ കേന്ദ്രീകൃതമാക്കുന്നു ‍
ദൈവത്തെ എങ്ങിനെ സംബോധന ചെയ്യണം എന്നതു നമ്മളിലെ പലരെയും സംശയത്തിലാഴ്ത്താറുണ്ട്. മുകളിലിരിക്കുന്ന ആള്‍, നമ്മുടെ സുഹൃത്ത്, പ്രാപഞ്ചിക ശക്തി തുടങ്ങിയ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിവിധ സങ്കല്‍പ്പങ്ങളാണ് ഇതിനു കാരണം. കുരിശടയാളം വരക്കുക വഴി പെട്ടെന്ന്‍ തന്നെ നമ്മുടെ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുവാന്‍ നമുക്ക്‌ കഴിയുമെന്ന്‍ പണ്ഡിതനായ ബെര്‍ട്ട് ഗെസ്സി പറയുന്നു.
“നമ്മള്‍ പരിശുദ്ധ ത്രിത്വത്തെ വിളിക്കുമ്പോള്‍, നമ്മളെ സൃഷ്ടിച്ച ദൈവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ ‘നമ്മള്‍ സൃഷ്ടിച്ച ദൈവത്തിലല്ല’. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം സങ്കല്‍പ്പങ്ങളേയും, പ്രതിരൂപങ്ങളേയും മാറ്റി നിര്‍ത്തി, ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി. കുരിശ് വരക്കുന്നതിലൂടെ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രീത്വൈക ദൈവത്തിനായി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്‌.” ബെര്‍ട്ട് ഗെസ്സി പറയുന്നു.

9. പിതാവിന്റെയും പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും ഇറങ്ങിവരവിനെ സ്ഥിരീകരിക്കുന്നു.
കുരിശടയാളം വരക്കുവാനായി നമ്മള്‍ നമ്മുടെ കരം നെറ്റിയിലേക്ക് ആദ്യമായി ഉയര്‍ത്തുന്നത് വഴി ത്രിത്വൈക ദൈവത്തിലെ ആദ്യ വ്യക്തിയായ പിതാവിനെ സ്ഥിരീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ കൈ താഴ്ത്തുമ്പോള്‍ ആ “പിതാവില്‍ നിന്നും വന്നതാണ് പുത്രന്‍ എന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു.” പരിശുദ്ധാത്മാവിനെ ധ്യാനിച്ചുകൊണ്ട് നമ്മള്‍ അവസാനിപ്പിക്കുമ്പോള്‍, പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ് പരിശുദ്ധാത്മാവ് വരുന്നതെന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു” വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസാണ് ഈ മനോഹരമായ ചിന്ത പങ്കുവെച്ചത്.

10. നമ്മുടെ വിശ്വാസത്തെ ഏറ്റു പറയുന്നു.
‍ യേശുവിന്റെ മനുഷ്യാവതാരത്തിലും, കുരിശുമരണത്തിലും, പരിശുദ്ധ ത്രിത്വത്തിലുമുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുക വഴി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ വാക്കുകളിലൂടെയും, ആംഗ്യത്തിലൂടെയും പ്രഘോഷിക്കുന്ന ഒരു ഏറ്റുപറച്ചിലാണ് നമ്മള്‍ കുരിശ് വരയിലൂടെ നടത്തുന്നത്.

11. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുന്നു.
‍ വിശുദ്ധ ലിഖിതങ്ങളില്‍ ദൈവത്തിന്റെ നാമമെന്നാല്‍ ശക്തിയാണ്. വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭക്ക് എഴുതിയ ലേഖനത്തിന്റെ 2:10-11-ല്‍ പറയുന്നു, “ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”. കൂടാതെ യോഹന്നാന്‍ 14:13-14-ല്‍ “നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” എന്ന്‍ യേശു പറയുന്നു. ഇതിനാല്‍ തന്നെ കുരിശ് വരക്കുന്നതിലൂടെ ത്രീത്വൈക ദൈവത്തിന്റെ ശക്തിയെ പറ്റി നാം ധ്യാനിക്കുന്നു.

12. ‍യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതം പ്രഘോഷിക്കുന്നു.
“ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. “ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തിന്റെ 2:19-ല്‍ വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. “ഞാന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു.” വിശുദ്ധ കുരിശിന്റെ അടയാളം പ്രഘോഷിക്കുന്നത് വഴി യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതത്തെ പ്രഘോഷിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

13. ദൈവത്തിന്റെ ഇടപെടലിനായി സഹായം അഭ്യര്‍ത്ഥിക്കുന്നു.
‍ നമ്മുടെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കരം ചലിപ്പിക്കുമ്പോള്‍ നമ്മള്‍ ദൈവത്തോട് “നമ്മുടെ സഹനങ്ങളിലും, യാതനകളിലും നമ്മളെ സഹായിക്കുവാനും നമ്മളെ അവന്റെ ചുമലില്‍ വഹിക്കുവാനും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.”

14. നമ്മുടെ മാമ്മോദീസാ വാഗ്ദാനത്തെ വീണ്ടും ഉറപ്പിക്കുന്നു.
നമ്മുടെ ജ്ഞാനസ്നാന വേളയില്‍ ഉപയോഗിച്ച അതേ വാക്കുകള്‍, കുരിശിന്റെ അടയാളം വഴി “സംഗ്രഹിക്കുകയും വീണ്ടും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നതെന്ന്‍” ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറയുന്നു.

15. ‍ശാപത്തെ തിരിച്ചയക്കുന്നു.
കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം “ഇടത് വശമാകുന്ന ശാപത്തില്‍ നിന്നും വലത് വശമാകുന്ന അനുഗ്രഹത്തിലേക്ക് ചലിപ്പിക്കുന്നു. “ഇത് നമ്മുടെ പാപങ്ങളും വീഴ്ചകളും ക്ഷമിക്കപ്പെടുമെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് പറഞ്ഞിരിക്കുന്നു. “മരണത്തില്‍ നിന്നും നിത്യജീവിതത്തിലേക്കും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കും ഉയര്‍ത്തപ്പെട്ട യേശുവിനേപ്പോലെ, നമ്മുടെ ഇപ്പോഴത്തെ യാതനകളില്‍ നിന്നും ഭാവിയിലെ മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയേയും, ഇടതു വശത്തു നിന്നും വലതു വശത്തേക്കുള്ള ഈ ചലനം പ്രതിനിധാനം ചെയ്യുന്നു”വെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പയും എഴുതിയിരിക്കുന്നു.

16. ക്രിസ്തുവിന്റെ പ്രതിരൂപത്തില്‍ സ്വയം പുനര്‍സൃഷ്ടി നടത്തുന്നു. ‍
നമ്മുടെ പാപകരമായ അവസ്ഥയില്‍ നിന്നും ക്രിസ്തുവിന്റെ പ്രതിരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നതിന് എന്തൊക്കെ ഗുണങ്ങളെയാണ് നാം ധരിക്കേണ്ടതെന്ന് കൊളോസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. നാം നമ്മുടെ പഴയ സ്വഭാവത്തെ മാറ്റി പകരം “നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപത്തില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കേണ്ടതായിട്ടുണ്ട്” എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു.
ഈ വാക്യവും കുരിശിലെ യേശുവിന്റെ സഹനങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. “മാമ്മോദീസയിലൂടെയുള്ള നമ്മുടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് കുരിശിലെ യേശുവിന്റെ സഹനങ്ങളില്‍ നമ്മളും പങ്കുചേരുന്നു. “യേശുവിന്റെ കുരിശിലെ യാതനയിലും, പിന്നീട് മഹത്വത്തിലേക്കുള്ള ഉത്ഥാനത്തിലും നമ്മള്‍ക്കും പങ്ക് ചേരുവാനുള്ള ഒരു മാര്‍ഗ്ഗമായി നമുക്ക് കുരിശടയാളത്തെ കാണാവുന്നതാണ്” എന്ന്‍ സഭാപണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്രകാരം കുരിശടയാളം വരക്കുന്നത് വഴി കാല്‍വരിയിലെ മുഴുവന്‍ സംഭവങ്ങളിലും നമ്മുടെ പങ്കാളിത്തം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും.

17. ‍നമ്മളെ ക്രിസ്തുവില്‍ അടയാളപ്പെടുത്തുന്നു.
പുരാതന ഗ്രീക്കില്‍ ‘അടയാളം’ എന്നതിനുള്ള വാക്ക് ‘സ്ഫ്രാഗിസ്’ (Sphragis) എന്നായിരുന്നു. എന്നാല്‍ ഈ വാക്ക് ‘ഉടമസ്ഥതയേയും’ കുറിക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു ആട്ടിടയന്‍ തന്റെ ആടുകളെ അടയാളപ്പെടുത്തുന്നത് അത് തന്റെ സ്വത്താണ് എന്ന് കാണിക്കുവാനാണ്. ഇതും ‘സ്ഫ്രാഗിസ്’ എന്ന അടയാളം തന്നെയാണ്. കുരിശടയാളം വരക്കുന്നത് വഴി നമ്മുടെ യഥാര്‍ത്ഥ ആട്ടിടയനായ ക്രിസ്തുവിന്റെ സ്വത്താണെന്ന് സ്വയം അടയാളപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്.

18. ക്രിസ്തുവിന്റെ പടയാളി ആകുന്നു.
‍ ഇടയനായ ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന കാരണത്താല്‍ നമ്മളെ അജഗണം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ആടിന്റേത് പോലെയുള്ള ശാന്ത സ്വഭാവക്കാരാണ് നമ്മളെന്നു അതിനര്‍ത്ഥമില്ല. പകരം യേശുവിന്റെ പടയാളികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എഫേസോസുകാര്‍ക്കുള്ള ലേഖനത്തിന്റെ ആറാം അധ്യായത്തില്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “സാത്താന്റെ കുടിലതകള്‍ക്കെതിരെ പോരാടുവാന്‍ ദൈവത്തിന്റെ കവചം ധരിക്കുക. മോക്ഷമാകുന്ന ശിരോകവചവും, ദൈവ വചനമാകുന്ന ആത്മാവിന്റെ വാളും ധരിക്കുക.” കുരിശ് വരച്ചു കൊണ്ട് ക്രിസ്തുവിനായി പോരാടാനാണ് നാമോരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.
19. ‍പിശാചിനെ ചെറുക്കുന്നു.
പിശാചിനെതിരെ പ്രയോഗിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധങ്ങളിലൊന്നാണ് കുരിശടയാളം. മധ്യകാലഘട്ടങ്ങളിലെ സുവിശേഷകനായിരുന്ന ഈല്‍ഫ്രിക്ക് പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. “കുരിശടയാളമല്ലാതെ മനോഹരമായ കരചലനം കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുന്ന മറ്റൊരു അംഗവിക്ഷേപവും ഇല്ല. ഒരുവന്‍ കുരിശടയാളം വരക്കുമ്പോള്‍ സാത്താന്‍ ഭയപ്പെടുന്നു”. ഇത് കൂടാതെ “കുരിശ് അടയാളം വരക്കുമ്പോള്‍ അത് തങ്ങളെ മര്‍ദ്ദിക്കുവാനുള്ള ഒരു വടിയാണെന്ന് കണ്ട് പിശാചുക്കള്‍ പറന്നകലും” എന്ന്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു.

20. ‍നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുന്നു.
പുതിയ നിയമത്തില്‍ ‘സ്ഫ്രാഗിസ്’ എന്ന വാക്ക് പലപ്പോഴും ‘മുദ്ര’യായി പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്. 2 കൊറിന്തോസ്‌ 1:22-ല്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.” കുരിശടയാളം വരക്കുന്നത് വഴി, നമ്മള്‍ ഒരിക്കല്‍ കൂടി ദൈവത്തിന്റെ ശക്തമായ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളില്‍ അപേക്ഷിച്ചുകൊണ്ട് നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുകയാണ് ചെയ്യുന്നത്.

21. മറ്റുള്ളവര്‍ക്ക്‌ മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നവനാകുന്നു.
‍ നമ്മുടെ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് കുരിശുവരക്കല്‍. നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ ഓരോ തവണയും നാം കുരിശ് വരക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നസ്രായനായ യേശുവിനെയാണ് നാം പ്രഘോഷിക്കുന്നത്.
ജെറുസലേമിലെ വിശുദ്ധ സിറില്‍ പറയുന്നതു ഇപ്രകാരമാണ്, “കുരിശുമരണം വരിച്ചവനെ ഏറ്റു പറയുന്നതില്‍ നമ്മള്‍ ഒരിക്കലും ലജ്ജിക്കരുത്. നമ്മുടെ വിരലുകളാല്‍ നെറ്റിയില്‍ ധൈര്യപൂര്‍വ്വം കുരിശടയാളം വരക്കുന്നത് വഴി കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെ, നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന കപ്പുകളിലും, നമ്മള്‍ വരികയും പോവുകയും ചെയ്യുമ്പോഴും, ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പും, ഉണരുമ്പോഴും, നടക്കുമ്പോഴും, നില്‍ക്കുമ്പോഴും തുടങ്ങി എല്ലാക്കാര്യങ്ങളിലും കുരിശടയാളം നമ്മുടെ മുദ്രയായിരിക്കട്ടെ,”

നമ്മുടെ പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും ‘കുരിശ്’ വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം. അങ്ങനെ കുരിശിന്റെ മഹത്വം, ത്രീത്വൈക ദൈവത്തിലുള്ള മഹത്വം ലോകമെങ്ങും സാക്ഷ്യമായി മാറട്ടെ.

Source :nelsonmcbs.wordpress.com