Francis changes the rules: Women can have their feet washed on Holy Thursday
പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മംചെയ്യുന്ന രീതിയില്‍ പാപ്പാ ഫ്രാന്‍സിസ് ഭേദഗതി വരുത്തി.
ജനുവരി 6-ാം തിയതി പൂജരാജാക്കളുടെ തിരുനാളില്‍ പുറപ്പെടുവിച്ച പ്രബോധനത്തിലൂടെയാണ് (Decree) ആരാധനക്രമപരമായ ഈ മാറ്റം പാപ്പാ ഫ്രാന്‍സിസ് കത്തോലിക്ക സഭയില്‍ വരുത്തുന്നത്. പെസഹാവ്യാഴാഴ്ചത്തെ ‘പാദക്ഷാളനകര്‍മ്മം’ അല്ലെങ്കില്‍ ‘കാലുകഴുകള്‍ ശുശ്രൂഷ’ പരികര്‍മ്മചെയ്യുന്ന പരമ്പരാഗത രീതിയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
പന്ത്രണ്ടു പുരുഷന്മാരുടെ കാലുകഴുകല്‍ നടത്തിയിരുന്ന സ്ഥാനത്ത് വിശ്വാസ സമൂഹത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രായമായവരും യുവജനങ്ങളും, രോഗികളും അംഗവൈകല്യമുള്ളവരും, സന്ന്യാസിനികളും വൈദികരും, അല്മായരും സന്ന്യസ്തരും ഉള്‍പ്പെടുന്ന (സ്ത്രീപുരുഷ ഭേദമെന്യേയുള്ള) ഒരു ചെറിയ പ്രതിനിധിസംഘത്തിന്റെ കാലുകഴുകല്‍ ശുശ്രൂഷ നടത്തുവാനുള്ള അനുമതിയാണ് നവീകരണ പ്രബോധനത്തിന്റെ പ്രധാനഭാഗം.
അപ്പസ്തോലന്മാരെ പ്രതിനിധീകരിച്ച് പരമ്പരാഗതമായി 12 പേരുടെ കാലുകഴുകിയിരുന്ന സ്ഥാനത്ത് അജപാലനപരമായി യുക്തമാകുന്നതും പ്രായോഗികത മാനിച്ചുകൊണ്ടുമുള്ള ഒരു ചെറുസംഘത്തെ തിരഞ്ഞെടുക്കാമെന്ന് ഡിക്രി പ്രസ്താവിക്കുന്നു. ദൈവജനത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറു വിശ്വാസസംഘമെന്ന് പാപ്പാ വ്യക്തമായി പറയുന്നതിനാല്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്താമെന്ന വ്യാഖ്യനം അപ്രസക്തമാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്മാരുമാകാമെന്നത് വ്യക്തമാണ്. അവര്‍ ചെറുപ്പക്കാരും പ്രായമായവരും, രോഗികളും ആരോഗ്യവാന്മാരും, വൈദികരും സന്ന്യാസിനികളും, സന്ന്യസ്തരും അല്മായും… അങ്ങനെ വിവിധ തരക്കാരും പ്രായക്കാരുമാകയാല് വിശ്വാസ സമൂഹത്തിന്റെ വൈവിദ്ധ്യവും ഐക്യവും ഒരുപോലെ പ്രകടമാകുമെന്നു പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നു.
അന്ത്യത്താഴവിരുന്നില്‍ മനുഷ്യരക്ഷയ്ക്കായുള്ള തന്റെ അനന്തമായ സ്നേഹത്തിന്റെ പാരമ്യം ശിഷ്യന്മാരുടെ കാലുകഴുകിക്കൊണ്ട് ക്രിസ്തു പ്രകടമാക്കി. പ്രതീകാന്മകമായ ഈ ശുശ്രൂഷയ്ക്ക് കുറെക്കൂടെ ആത്മീയ വ്യാപ്തിയും ആഴമായ അര്‍ത്ഥവും കൊണ്ടുവരികയാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന മാറ്റത്തിന്റെ ലക്ഷ്യവും ബലതന്ത്രവും. സമൂഹത്തിലെ സകലരെയും ഉള്‍ക്കൊള്ളുന്നതും, ജീവിതകാലത്ത് ക്രിസ്തു പ്രകടമാക്കിയതുമായ ഒരു സാകല്യ സംസ്കൃതിയുടെ മൗലിക വീക്ഷണവും ദൈവശാസ്ത്രവുമാണ് ഈ നവീകരണത്തില്‍ പാപ്പാ വിവക്ഷിക്കുന്നത്. ഇത് തന്റെ അജപാലന ശുശ്രൂഷയിലും, മെത്രാനായിരിക്കുമ്പോഴും പാപ്പാ ഫ്രാന്‍സിസ് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ചിട്ടുള്ളതാണ്. അതിനാല്‍ നീണ്ട പരിചിന്തനത്തിനും പ്രാര്ത്ഥനയ്ക്കുംശേഷമാണ് മാറ്റത്തിന്റെ ഈ പ്രബോധനം മുന്നോട്ടുവയ്ക്കുന്നതെന്ന് വത്തിക്കാന്റെ ആരാധനക്രമകാര്യാലയത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ റൊബേര്‍ട്ട് സറായ്ക്ക് എഴുതിയ ഇതുസംബന്ധിച്ച രേഖയില്‍ പാപ്പാ വിശദീകരിക്കുന്നുണ്ട്.
‘ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും ജീവന് സമര്‍പ്പിക്കുവാനുമാണ് ഞാന്‍ വന്നത്,’ എന്ന ക്രിസ്തുവിന്റെ വാക്കുകളാണ് (യോഹ.13, 1) പരിഷ്ക്കരണത്തിന് ആധാരമായി പാപ്പാ ഉദ്ധരിക്കുന്നത്. അതിനാല്‍ കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മംചെയ്യുന്ന മെത്രാന്മാരും വൈദികരും ആത്മീയമായും ആഴമായും മേലുദ്ധരിച്ച വചനത്തിന്റെ ധ്യാനത്തിലൂടെ ക്രിസ്തുവിനോട് സാരൂപ്യപ്പെടണമെന്ന് ഈ ആരാധനക്രമ മാറ്റത്തിലൂടെ പാപ്പാ നിഷ്ക്കര്‍ഷിക്കുന്നു.
കാലുകഴുകള്‍ ശുശ്രൂഷയില്‍ വരുത്തുന്ന പ്രായോഗികമായ ഈ മാറ്റങ്ങള്‍ അതിന്റെ അര്‍ത്ഥപൂര്‍ണ്ണിമയില്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതിനും, അറിവോടും ബോധ്യത്തോടും ഫലപ്രദമായും അതില്‍ പങ്കുചേരുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കേണ്ടതാണെന്നും ഡിക്രി ആഹ്വാനംചെയ്യുന്നു.
അടുത്തുവരുന്ന പെസഹാവ്യാഴം മുതല്‍ (24 മാര്‍ച്ച് 2016) ആഗോളസഭയില്‍ പ്രയോഗത്തില്‍ വരുത്തേണ്ട പാപ്പായുടെ ഡിക്രി ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തലവന്, കര്‍ദ്ദിനാള്‍ റൊബേര്‍ട്ട് സറായാണ് ജനുവരി 21-ാം തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ പരസ്യപ്പെടുത്തിയത്. ഇതു സംബന്ധിച്ച് പ്രമാണിക ഗ്രന്ഥങ്ങളിലും ആരാധനക്രമത്തിലും വരുത്തേണ്ട മാറ്റങ്ങളും വിവരണങ്ങളും വത്തിക്കാന്റെ ആരാധനക്രമകാര്യാലയം ദേശീയ പ്രാദേശിക സഭാദ്ധ്യക്ഷന്മാരെയും ആരാധനക്രമ കമ്മിഷനുകളെയും രേഖാമൂലം അറിയിക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ സറാ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. അതുപോലെ പത്രോസിന്റെ പരമാധികാരത്തോടെ പാപ്പാ ഫ്രാന്‍സിസ് പകര്‍ന്നു നല്കുന്ന ഈ പ്രബോധനവും നവീകരണവും മെത്രാന്മാരും അജപാലനശുശ്രൂഷയിലുള്ള എല്ലാ ഉത്തരവാദിത്തപ്പെട്ടവരും യഥാസമയം പ്രായോഗികമാക്കണമെന്നും കര്‍ദ്ദിനാള്‍ സറാ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
Source: vaticanradio