St.Alphonsa
അല്‍ഫോന്‍സാമ്മയ്ക്കു കുഞ്ഞുകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നു. അതുപോലെ തിരിച്ചു കുട്ടികള്‍ക്കും. മിക്കവാറും വെള്ളയുടുപ്പാണ് അല്‍ഫോന്‍സാമ്മ ധരിച്ചിരുന്നത്. രോഗികള്‍ക്ക് അതിനു പ്രത്യേക അനുമതിയുണ്ടായിരുന്നു. വെള്ളയുടുപ്പിട്ടു നില്‍ക്കുന്ന അല്‍ഫോന്‍സാമ്മയെ കണ്ടാല്‍ മാലാഖയെപ്പോലെ തോന്നുമെന്നു നേരില്‍ക്കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. വാത്സല്യത്തോടെയുള്ള സംസാരം.
വാകക്കാട് സെന്‍റ് പോള്‍സ് എല്‍.പി സ്കൂളില്‍ അധ്യാപികയായിരുന്നപ്പോഴും വലിയ സ്നേഹത്തോടെയാണു കുട്ടികളോടു പെരുമാറിയിരുന്നത്. മൂന്നാം ക്ലാസിലാണു പഠിപ്പിച്ചത്. ശാന്തമായി, പുഞ്ചിരി തൂകി പുസ്തകവും അടക്കിപ്പിടിച്ചു ക്ലാസിലേക്കു കയറി വരുന്ന വെളുത്തു സുന്ദരിയായ കൊച്ചു സിസ്റ്ററിനെ കുട്ടികളിലാര്‍ക്കും മറക്കാനാവില്ലായിരുന്നു. റോസാദളങ്ങള്‍ ഒട്ടിച്ചതുപോലെ മനോഹരവും നിഷ്കളങ്കവുമായിരുന്നു ആ മുഖം. ചിരിച്ചുകൊണ്ടു വേദനിപ്പിക്കാതെ കൈവെള്ളയില്‍ തല്ലുന്ന ടീച്ചറിനെ അവര്‍ക്ക് ഏറെ ഇഷ്ടവുമായിരുന്നു.
ഭരണങ്ങാനം ബോയ്സ് സ്കൂളിലെ കുട്ടികള്‍ ഉച്ചസമയത്ത് ക്ലാരമഠത്തില്‍ ചാമ്പങ്ങയും മള്‍ബറി പഴവും പറിക്കാന്‍ പോകുന്നതു സാധാരണയായിരുന്നു. മരച്ചുവട്ടില്‍ വീണുകിടക്കുന്നതു പെറുക്കാന്‍ മാത്രമായിരുന്നു അനുവാദം. മരത്തില്‍ കയറിയോ എറിഞ്ഞോ കുലുക്കിയോ പഴങ്ങള്‍ പറിക്കാന്‍ പാടില്ലെന്നു മദര്‍ കര്‍ശനമായി വിലക്കിയിരുന്നു. ആണ്‍കുട്ടികളല്ലേ! അവരുണ്ടോ അതു കാര്യമാക്കുന്നു. അവര്‍ എറിഞ്ഞും കുലുക്കിയും ചാമ്പങ്ങ പറിക്കും. മദര്‍ അവരെ വഴക്കുപറഞ്ഞ് ഓടിക്കും. ഇതു പതിവായിരുന്നു. ഇതുകണ്ടു പുഞ്ചിരി തൂകി വരാന്തയില്‍ നില്‍ക്കുന്ന അല്‍ഫോന്‍സാമ്മ കുട്ടികളെ മാടി വിളിക്കും. വിഷമിക്കേണ്ടന്നു പറഞ്ഞ് ആശ്വസിപ്പിക്കും. പിന്നീട് നിലത്തുവീഴുന്ന ചാമ്പങ്ങ മുഴുവന്‍ പെറുക്കിവച്ച് അടുത്ത ദിവസം ചെല്ലുമ്പോള്‍ അവര്‍ക്കു നല്‍കും. ദിവസവും ഒരോ സുകൃത ജപം ചൊല്ലണമെന്നു പറഞ്ഞാണ് അതു നല്‍കിയിരുന്നത്. തീപ്പെട്ടിക്കകത്ത് കുരുമുളക് ശേഖരിച്ചു കൊണ്ടുവരണമെന്നും പെരുന്നാള്‍ കൂടാന്‍ കിട്ടുന്ന പൈസ സൂക്ഷിച്ചുവച്ചു പാവപ്പെട്ടവരെ സഹായിക്കണമെന്നും അല്‍ഫോന്‍സാമ്മ അവരെ ഉപദേശിക്കുമായിരുന്നു.
അല്‍ഫോന്‍സാമ്മയുടെ മരണത്തില്‍ ഏറെ ദുഃഖിച്ചതു കുട്ടികളാണ്. കബറിടത്തില്‍ മുറിത്തിരികള്‍ കത്തിച്ച് അനുഗ്രഹത്തിനായി ആദ്യം പ്രാര്‍ഥിച്ചു തുടങ്ങിയതും അവരാണ്. കബറിടത്തിലെ വാടാത്ത പൂക്കള്‍ കണ്ടെത്തിയതും കുട്ടികളാണ്. പരീക്ഷാ വിജയം, സ്വപ്ന ദര്‍ശനം തുടങ്ങി അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ ആദ്യമായി ലഭിച്ചതും കുട്ടികള്‍ക്കാണ്. കുട്ടികളിലൂടെയാണ് അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനം ലോകം അറിഞ്ഞത്.
വിശുദ്ധ ചാവറയച്ചന്‍റെ സഹായവും
സഹനത്തെ സന്തോഷമായി സ്വീകരിച്ച അല്‍ഫോന്‍സാമ്മയ്ക്കു വിശുദ്ധ ചാവറയച്ചന്‍റെ സഹായം എപ്പോഴുമുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മയുടെ ജനനത്തിന് ഏതാണ്ട് 40 വര്‍ഷം മുമ്പ് സ്വര്‍ഗം പൂകിയ ചാവറയച്ചന്‍റെ മാധ്യസ്ഥ്യം തനിക്കു പലപ്പോഴും കരുത്ത് പകര്‍ന്നിരുന്നതായി അല്‍ഫോന്‍സാമ്മ എഴുതിയ ചില കത്തുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എനിക്ക് തീരെ സുഖമില്ലാതായിട്ട് ആറര കൊല്ലമായി. ഭക്ഷണം യാതൊന്നും കഴിക്കുവാന്‍ നിവൃത്തിയില്ല. ഒന്നുരണ്ടു കയില്‍ കാപ്പിയോ കഞ്ഞിയോ കഴിച്ചാല്‍ വയര്‍ നെഞ്ചിനു മുകള്‍വരെ വീര്‍ത്തുവരും. ശ്വാസം പോലും വിടുവാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു. പോരെങ്കില്‍ അതിശക്തമായ വേദനയും വിശപ്പും പരവേശവും. പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും നിവൃത്തിയില്ലാതെയും ഉറക്കമില്ലാതെയും വളരെ അധികം നാള്‍ കഴിച്ചുകൂട്ടേണ്ടതായി വന്നു. ദിവസത്തില്‍ എട്ടും പത്തും പ്രാവശ്യം ഛര്‍ദിക്കും. മിക്കവാറും അതു കട്ടരക്തമായിരിക്കും. തലവേദന ശക്തിയായിട്ട് ഉണ്ടാകുന്ന ദിവസം മൂക്കില്‍നിന്നു ധാരാളം രക്തം പോകും. ചില ദിവസങ്ങളില്‍ കണ്ണില്‍നിന്നും പോയിട്ടുണ്ട്. ഇങ്ങനെ രക്തം പോകുന്ന ദിവസങ്ങളില്‍ ശരീരത്തിനു വലിയ വേദനയാണ്. കൂട്ടമായിട്ട് അപേക്ഷയൊക്കെ കഴിച്ചുകഴിയുമ്പോള്‍ രണ്ടു മൂന്നു ദിവസത്തേക്ക് വേദനയ്ക്ക് അല്പം ആശ്വാസം കാണും. വീണ്ടും പഴയതുപോലെ തന്നെ. അങ്ങനെ കഴിച്ചുകൂട്ടവേ ഒരുദിവസം ചാവറയച്ചന്‍റെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടുള്ള നൊവേന എത്തിക്കുവാന്‍ തുടങ്ങി. വേദനയ്ക്ക് അല്പം ആശ്വാസം കണ്ടു തുടങ്ങി. പിന്നീട് പടം വച്ച് അപേക്ഷിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തെ നമസ്കരിച്ചുകൊണ്ട് കിടന്നുറങ്ങി. പടം വച്ച് അപേക്ഷിക്കുവാന്‍ തുടങ്ങിയ ദിവസം മുതല്‍ പേടിക്ക് വളരെ കുറവുള്ളതുപോലെ തോന്നി..ഇങ്ങനെയാണ് കത്ത് തുടരുന്നത്.
തന്‍റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാര്‍ഥിക്കുന്ന സഹനപുത്രിയെ ചാവറയച്ചന്‍ കൈവിട്ടില്ല. അവളുടെ വിളിപ്പുറത്തെത്തി രോഗശാന്തി നല്‍കുകയും ചെയ്തു. എന്നാല്‍, സഹനത്തിന്‍റെ മഹത്വീകരണത്തിന് ദൈവം തെരഞ്ഞെടുത്ത അല്‍ഫോന്‍സാമ്മയില്‍നിന്നു രോഗങ്ങള്‍ പൂര്‍ണമായും മാറി നിന്നില്ല. അവ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. മുപ്പത്തിയാറാം വയസില്‍ മരിക്കുന്നിടം വരെ സഹനം അല്‍ഫോന്‍സാമ്മയ്ക്കു കൂട്ടായുണ്ടായിരുന്നു
Source: deepika.com