Lent message from Fr.Jinu Avanikkunnel
പുണ്യം പൂക്കുന്ന വ്രത വിശുദ്ധിയുടെ പുണ്യനാളുകളിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.ഈശോയുടെ പീഢാ, സഹന, മരണ, ഉത്ഥാനങ്ങളെ ധ്യാന വിഷയമാക്കുന്ന ഈ നോമ്പുകാലത്തിൽ , കുരിശിലാണ് നമ്മുടെ ഓരോരുത്തരുടേയും രക്ഷ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം.
ഇന്ന് കൊച്ചുകുട്ടികൽ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മൊബൈൽ ഫോണ്‍. ഇതിന്റെ ഉപകാരങ്ങളും ഉപയോഗങ്ങളും എന്തോക്കയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.സ്വദേശത്തും വിദേശത്തും ഉള്ളവരോട് സംസാരിക്കുവാനും, സന്ദേശങ്ങൾ അയക്കാനും, പാട്ടുകേൾക്കാനും എന്തിനേറെ പറയണം ഇന്റർനെറ്റ്, വാട്സ് അപ് എന്നീ സൗകര്യങ്ങളും മൊബൈലിൽ സംലഭ്യമാണ്.ഈ പറഞ്ഞ ഉപകാരങ്ങളെല്ലാം നമുക്ക് ലഭിക്കണമെങ്കിൽ മൊബൈൽ ഫോണിൽ ഒരു കാര്യം വളരെ അത്യാവശ്യമാണ്. മൊബൈൽ ഫോണിൽ ചാർജ് ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ് , ചാർജ് ഇല്ലങ്കിൽഈ സൗകര്യങ്ങൾ ലഭിക്കുകയില്ല. സ്നേഹമുളവരെ ഇതുപോലെ നമ്മെ ആത്മീയമായിട്ട് ചാർജ് ചെയ്യാനുള്ള അവസരമാണ് നോമ്പുകാലം അതുകൊണ്ട് തന്നെ ഈ നോമ്പുകാലം ഏറ്റവും ഫലപ്രദമായി വിനയോഗിക്കുവാൻ നമുക്ക് സാധിക്കട്ടെ.
പരസ്യ ജീവിതത്തിനു മുമ്പ് ഈശോ 40 രാവും 40 പകലും പ്രാർത്ഥനയിലും ഉപവാസത്തിലും ചിലവഴിച്ചതിന്റെ ചുവടുപിടിച്ചാണ് നോമ്പ് 7 ആഴ്ചയായി ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ചകളിൽ ഉയർപ്പിന്റെ അനുസ്മരണ ദിനങ്ങളായിരുന്നതിനാൽ നോമ്പ് ദിവസങ്ങളായി ആദ്യകാലങ്ങളിൽ പരിഗണിച്ചിരുന്നില്ല. ദുഃഖവെള്ളിയും വലിയശനിയും പ്രത്യേക പ്രാർത്ഥനയുടേയും ഉപവാസത്തിന്റേയും ദിവസങ്ങളായിരുന്നു.അങ്ങനെ 7 ഞായറാഴ്ചകളും പ്രത്യേക നോമ്പിന്റെ 2 ദിവസങ്ങളും ഒഴിവാക്കിയാൽ ബാക്കിവരുന്നത് 40 ദിവസങ്ങളാണ് -യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന് തത്തുല്യമായ ദിവസങ്ങൾ.പിന്നീട് ഈ ദിവസങ്ങളെല്ലാം ഒരുമിച്ച് കൂട്ടി 49 ദിവസം നോമ്പ് (50 നോമ്പ് )ആചരിക്കുന്ന പതിവ് തുടങ്ങി.(ഞായറാഴ്ചകളും നോമ്പിന്റെ തുടക്കത്തിലെ 2 ദിവസങ്ങളും ഒഴിവാക്കിയാണ് ലത്തീൻ സഭ 40 ദിവസം കണക്കാക്കുന്നത്.അതുകൊണ്ടാണ് അവർ വിഭൂതി / അനുതാപശിശ്രൂഷ ബുധനാഴ്ച നടത്തുന്നത്.)പേത്രത്ത ഞായറാഴ്ച പാതിരയ്ക്കാണ് വലിയ നോമ്പ് ആരംഭിക്കുന്നത് .പേത്രത്ത എന്ന സുറിയാനി വാക്കിന് “തിരിച്ചു്പോക്ക് എന്നാണ് അർത്ഥം.പാപം ചെയ്തു വഴി തെറ്റി പോയവർക്ക് മാനസന്തരപ്പെട്ടു ദൈവസന്നിധിയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് നോമ്പുകാലം.അതിനുള്ള അടുത്ത ഒരുക്കമാണ് പേത്രത്ത ഞായർ .നോമ്പുകാലത്തെ അനുതാപചൈതന്യവും പ്രത്യേക പ്രാർത്ഥനകളും ഉദാരമായ ദാനധർമമങ്ങളും, കർത്താവിന്റെ കൃപയും പാപപ്പൊറുതിയും ലഭിക്കാൻ നമ്മെ സഹായിക്കും.ദൈവത്തോടും സഹോദരരനോടും അനുരഞ്ചനപ്പെടാനുള്ള അവസരമാണ് നോമ്പുകാലം.
ഉപവാസത്തിന്റെ മാഹാത്മ്യംഎല്ലാ യുഗങ്ങളിലും ദേശങ്ങളിലും നമുക്ക് കാണാൻ സാധിക്കും.പൂർവ്വ പിതാക്കാൻമാരായ അബ്രാഹവും യാക്കോബും വിലപിച്ചതായി നാം കാണുന്നു.തന്റെ ഭാര്യയായ സാറായുടെ മരണത്തിൽ അബ്രാഹാം ഉപവസിച്ച് വിലപിച്ചു.ഓമന പുത്രൻ ജോസഫിന്റെ വേർപാടിൽ, യാക്കോബ് ചാക്കുമുടുത്ത് വളരെ നാൾ ഉപവസിച്ചു(ഉൽപത്തി 37:34)ഇസ്രായേൽക്കാരെ പുറം ജാതികൾ വധിച്ചപ്പോൾ ജോഷ്വയും ശ്രേഷ്ഠൻമാരും ശിരസിൽ പൊടി വാരിയിട്ടുകൊണ്ട് സായാന്നം വരെ ഒന്നും ഭക്ഷിക്കാതെ വാഗ്ദാന പേടകത്തിൻ മുൻപിൽ സാഷ്ടാംഗം വീണുകിടന്നു.(ജോഷ്വ7:6).ഫിലിസ്ത്യരുടെ കരങ്ങളിൽ നിന്നും രക്ഷപെടുന്നതിനു വേണ്ടി സാമുവേലും ഇസ്രായേൽജനത മുഴുവനും കർത്താവിന്റെ മുൻപിൽ ഒരു ദിവസം മുഴുവൻ ഉപവസിക്കുകയും,’ഞങ്ങൾ കർത്താവിനെതിരായി പാപം ചെയ്തു പോയി’ എന്ന് ഏറ്റുപറയുകയും ചെയ്തു (1 സാമുവേൽ 7:6) ദൈവത്തിന്റെ 10 പ്രമാണങ്ങൾ ജനത്തിനു നല്കുന്നതിന് മുമ്പായി മോശ 40 രാവും 40 പകലും ഉപവസിച്ചു (പുറപ്പാട് 34 :28 )ഏലിയ പ്രവാചകന് വിളികിട്ടുംമുമ്പ് 40 ദിവസം ഉപവസിച്ച് ഹൊറേബ് മലയിലെത്തി (1 രാജാ 19 :8 ).ഏലിയ പ്രവാചകൻ സ്വർണ്ണ രഥത്തിൽ സ്വർഗ്ഗത്തിലേക്ക് അയയ്ക്കപ്പെട്ടതും (2 രാജാ 2 :11 ), ജോഷ്വ സൂര്യനെ നിശ്ചലനാക്കിയതും (ജോഷ്വ 10 :12 -14 ), ദാനിയേൽ സിംഹങ്ങളുടെ വായ് പൂട്ടിയതും (ദാനി 6 :16 -23 ), 3 യുവാക്കന്മാർ തീചൂളയിൽ നടന്നതും (ദാനി3 :19 )ഉപവാസത്തിന്റെ ശക്തികൊണ്ടാണ്. നാശത്തിൽ നിന്നും രക്ഷപെടുന്നതിനു വേണ്ടി നിനവേ വാസികൾ 40 ദിവസം ചക്കുടുത്ത് ചാരം പൂശി തപസു ചെയ്തു.(യോന 3 :5 ) വിധവയായിരുന്ന അന്ന,84-ാം വയസിൽ പോലും രാപ്പകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് പ്രാർത്ഥനയിലും ഉപവാസത്തിലും ദേവാലയത്തിൽ കഴിച്ചുകൂട്ടി (ലൂക്ക 2 :34 ).കർത്താവിനു വഴിയൊരുക്കുവാൻ വന്ന സ്നാപക യോഹന്നാൻ ഒരു താപസനായിരുന്നു(മത്ത 3 :4 ).ഈ മാതൃകകളെല്ലാം ഉപവാസത്തിന്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നു.
ഉപവാസത്തിലൂടെ നമ്മുടെ തെറ്റുകൾക്ക് പരിഹാരമനുഷ്ടിച്ചു കൊണ്ട്,വീണ്ടും അവയിൽ വീഴാതിരിക്കാൻ ശക്തി ആർജ്ജിക്കേണ്ടത് അത്യാവശ്യമാണ്,നമ്മുടെ ആത്മരക്ഷയിൽ നമ്മൾ എന്തുമാത്രം തീഷ്ണത പ്രകടിപ്പിക്കുന്നുവോ, അത്രത്തോളം തന്നെ, ഒരു പക്ഷെ അതിൽ കൂടുതലായി നമ്മെ അതിൽ നിന്നു പിൻതിരിപ്പിക്കുവാൻ ദുഷ്ടശക്തി രംഗപ്രവേശനം ചെയ്യുന്നുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. അതുകൊണ്ട് യഥാർത്ഥത്തിൽ ഈ 40 ദിവസത്തെ ഉപവാസം ഒരു ആദ്ധ്യാത്മിക യുദ്ധം ആണ്.ആത്മാർത്ഥമായി പൊരുതിയാൽ നമ്മുടെ വിജയം സുനിശ്ചിതമാണ്.കാരണം ആരാലും കീഴടക്കപ്പെടാത്ത നേതാവിലാണ് നമ്മുടെ ശരണം.
ഭക്ഷണപാനീയങ്ങളുപേക്ഷിച്ചതുകൊണ്ട് മാത്രം ഉപവാസമായില്ല.ദുശീലങ്ങൾ ഉപേക്ഷിച്ചുകൊണ്ട്, ദുർവൃത്തിയിൽ നിന്ന് ഓടിയകന്ന്, ദുർവാസനകളെ തൂത്തെറിഞ്ഞ്, ഉപവി പ്രവർത്തികളിൽ വ്യാപൃതമാവുകയാണ് ഏറ്റവും പ്രധാനപെട്ട കാര്യം. ഇതിനു ബാഹ്യമായ ഉപവാസവും ആന്തരികമായ ഇന്ദ്രിയ നിഗ്രഹവും ആവശ്യമാണ്.ചുരുക്കത്തിൽ ശരീരവും ആത്മാവും ഒപ്പം ഉപവസിക്കേണ്ടിയിരിക്കുന്നു.ശരീരം ഭക്ഷണത്തിൽ നിന്നും ആത്മാവ് അധർമ്മത്തിൽ നിന്നും മാറിനിൽക്കണം.
അതുകൊണ്ട് വി.കുർബാനയിൽ നാം പ്രാർത്ഥിക്കുന്നത് പോലെ യഥാർത്തമായ പ്രാർത്ഥനാ ചൈതന്യവും, സഹോദര സ്നേഹവും, ആത്മപരിത്യാഗവും പുലർത്തിക്കോണ്ട് ഈ നോമ്പ്കാലം ഫലദായകമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ