Media Awareness
മാധ്യമങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം
1. മാധ്യമാധിപത്യമുള്ള ഇന്നിന്‍റെ ലോകം മാധ്യമാധിപത്യമുള്ളൊരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ അനുദിന ജീവിതചര്യകളെയും പെരുമാറ്റ രീതികളെയും മാധ്യമങ്ങള്‍ സ്വാധീനിക്കുന്നു, അവ ഭരിക്കുന്നു. കുടുംബങ്ങളിലെ ജീവിത ക്രമങ്ങള്‍ പലപ്പോഴും ടിവി പരിപാടികളെയും സീരിയലുകളെയും ആശ്രയിച്ചാണ് നീങ്ങുന്നത്. കുട്ടികളുടെ വളരുന്ന മനസ്സുകളെയാണ് മാധ്യമങ്ങള്‍ അധികവും സ്വാധീനിക്കുന്നത്. അവര്‍ പിറന്നുവീഴിന്നത് അങ്ങനെയുള്ളൊരു ജീവിതക്രമത്തിലേയ്ക്കും മാധ്യമ സംസ്ക്കാരത്തിലേയ്ക്കുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
ഇന്ന് കുട്ടികള്‍ക്കു കിട്ടുന്ന ഡിജിറ്റല്‍ കളിക്കോപ്പുകളും, അവര്‍ക്ക് കയ്യെത്താവുന്ന ദൂരത്തിലെ മൊബൈലും, ഐ-ഫോണും, ഐ-പ്പാടും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമെല്ലാം അവരുടെ വിരല്‍ തുമ്പിലെ കളിപ്പാട്ടങ്ങളായി മാറുന്നു. മാധ്യമങ്ങള്‍ക്കുള്ള ക്രിയാത്മകമായ കരുത്തും കഴിവും ഈ യുഗത്തിന്‍റെ സവിശേഷതയാണ്. ഇന്നിന്‍റെ യാത്രാസൗകര്യങ്ങളും, തൊഴില്‍ സംവിധാനങ്ങളും, കളിയും കാര്യവുമെല്ലാം മാധ്യമകേന്ദ്രീകൃതമാണെന്നു പറയുന്നതില്‍ തെറ്റില്ല. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുള്ള ക്രിയാത്മകമായ കരുത്തിനെ അംഗീകരിക്കുമ്പോള്‍ അവ നിഷേധകാത്മകമായി ചെലുത്താവുന്ന സ്വാധീനത്തിലേയ്ക്ക് വിരല്‍ചൂണ്ടുകയും അവബോധം ഉണര്‍ത്തുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ആമുഖമായി പറയട്ടെ!
2. മാധ്യമബോധനം ഇന്നിന്‍റെ ആവശ്യം ടിവി കാണരുത് സിനിമ കാണരുത്, അല്ലെങ്കില്‍ ഇന്‍റെര്‍നെറ്റ് ഉപയോഗിക്കരുത് എന്ന് ഇന്നു പറയുക സാധ്യമല്ല. പറയുന്നത് ശരിയുമല്ല! മാധ്യമ പിന്‍തുണയോടെ നീങ്ങുന്നൊരു ലോകത്ത് എങ്ങനെ മാധ്യമങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് ജീവിക്കാനാകും? മാധ്യമങ്ങള്‍ നന്മയ്ക്കുള്ള ചാലകശക്തിയാണ്. നന്മയുടെ ഉപാധികളാണവ. നന്മയുടെ ഉപകരണങ്ങള്‍ തിന്മയ്ക്കായി ഉപയോഗിക്കുന്നത് മനുഷ്യസ്വഭാവം തന്നെയാണ്. നിത്യോപയോഗത്തിനുള്ള ഉപകരമണാണ് കത്തി, എന്നാല്‍ അത് അപരനെ ഉപദ്രവിക്കാനും മുറപ്പെടുത്താനും ഉപയോഗിക്കുന്നില്ലേ?
അതിനാല്‍, കുട്ടികള്‍ക്ക് മാധ്യാവബോധം നല്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ഒഴുകിയെത്തുന്ന വെള്ളവും വെളിച്ചവുംപോലെ ഇന്ന് മാധ്യമശൃംഖ വളര്‍ന്നു വലുതായി ആധുനിക വിവരസാങ്കേതികതയുടെ വന്‍ലോകമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ മാസ്മര ശക്തിയിലും സ്വാധീനവലയത്തിലും ഇന്നത്തെ ലോകം അമര്‍ന്നിരിക്കുന്നു. എന്നാല്‍ കെണിയില്‍പ്പെടുന്ന കുഞ്ഞുങ്ങളെപ്പറ്റി നാം ചിന്തിക്കാറുണ്ടോ? ചിന്തിക്കുന്നുപോലുമില്ല. മാധ്യമങ്ങള്‍ ഏറ്റവും അധികം സ്വാധീനിക്കുന്നത് കുഞ്ഞുങ്ങളെയാണ്, കുട്ടികളെയാണ്!
3. കുട്ടികളിലെ മാധ്യമസ്വാധീനം അത്താഴം കഴിഞ്ഞ് കുടുംബത്തില്‍ അച്ഛനും അമ്മയുംകൂടി അയല്‍ക്കാരുമായുള്ള ചെറിയ വഴക്കിന്‍റെ കാര്യം പറയുകയാണ്. മകന്‍ താഴെ കാര്‍പ്പെറ്റിലിരുന്ന് കാറോടിച്ചു കളിക്കുകയായിരുന്നു. എല്ലാം കാതോര്‍ത്ത
4 വയസ്സുകാരന്‍ പുലമ്പിയതിങ്ങനെയാണ്, “അച്ഛാ അങ്ങനെയാണെങ്കില്‍ നമുക്കവരെ കുത്തിക്കൊല്ലാം,” അവന്‍ പറയുകയും കൈകൊണ്ട് ആക്ക്ഷന്‍ കാണിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് ടി.വി അദ്ധ്യാപകനായി മാറുന്നുണ്ട്. പണ്ട് അദ്ധ്യാപകരും, അത്മീയ നേതാക്കളും ഗുരുക്കന്മാരും പങ്കുവച്ചിരുന്ന മൂല്യങ്ങളുടെയും സാരോപദേശങ്ങളുടെയും സ്ഥാനം ടിവി കൈക്കാലിക്കിയിരിക്കയാണ്. സംസാരവും പെരുമാറ്റവും ചിന്താധാരയുമെല്ലാം കുട്ടികളുടെ ഇഷ്ടതാരങ്ങളുടെയും കഥാപാത്രങ്ങളുടേതുമായി മാറിയിരിക്കുന്നു. എന്തുടുക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ നടക്കണം എന്നെല്ലാം പറയുന്നത് ടിവി., ഇന്‍റെര്‍നെറ്റ് മുതലായ മാധ്യമാങ്ങളാണ്. മിക്കി മൗസിന്‍റെ ചടുലതയില്‍ ഇളയതോ മൂത്തതോ ആയ സഹോദരങ്ങളെ ഉപദ്രവിക്കുന്ന പിഞ്ചു ബാലന്‍റെ പ്രവൃത്തികളുടെ ഉത്തേജനം ടിവിയാണ്. സൂപ്പര്‍ മാന്‍ വേഷധാരിയായി ഉയരങ്ങളില്‍നിന്ന് ചാടി അമാനുഷികത പ്രകടമാക്കി അപകടങ്ങളില്‍പ്പെടുന്ന കുട്ടികളുടെയും നിഷേധാത്മകമായ പ്രായോജകര്‍ മാധ്യമങ്ങളല്ലേ!?
4. മാധ്യമങ്ങള്‍ നന്മയുടെ ചാലകശക്തി ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വളര്‍ച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരമാണ് മാധ്യമങ്ങള്‍, സംശയമില്ല! വാര്‍ത്തകള്‍ അതിവേഗം എത്തിക്കുവാന്‍ മാത്രമല്ല, സാമൂഹിക സാംസ്കാരിക പുരോഗതിയില്‍ മനുഷ്യരെ പങ്കുകാരാക്കുവാന്‍ മാധ്യങ്ങള്‍ക്കു സാധിക്കുന്നു. എല്ലാം മനുഷ്യന്‍റെ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വിദ്യാഭ്യാസ പുരോഗതിക്കും ധാര്‍മ്മിക വളര്‍ച്ചയ്ക്കും ഉപോയോഗിക്കാവുന്നതാണ്. മാധ്യമ സൗകര്യങ്ങള്‍കൊണ്ടും, അവയുടെ വേഗതകൊണ്ടും, വിവരസാങ്കേതികതയുടെ സമൃദ്ധമായ ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ഒരു ‘ആഗോള ഗ്രാമ’മായി മാറിയിരിക്കുന്നു (The Global Village, Marshall Macluhan). അതിരുകളില്ലാത്തൊരു വിസ്മയ, വിസ്തൃത വലയമായി മാറിയിരിക്കുന്നു നമ്മുടെ ലോകം!
ഏതു മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങള്‍ അനുനിമിഷം വിരല്‍ത്തുമ്പില്‍ മുറിയിലും, മുന്നിലും എത്തുന്നു. നന്മയുടെ അവബോധം വളര്‍ത്തി ജനങ്ങളെ കര്‍മ്മോന്മുഖരാക്കുവാന്‍ ഇന്‍റെര്‍നെറ്റ്, ഐ-ഫോണ്‍, ഐ-പാഡ്, ടിവി, സിനിമ പോലുള്ള ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കും, അവയുടെ പരിപാടികള്‍ക്കും കരുത്തുണ്ട്. വിദ്യാഭ്യാസ പുരോഗതിക്കായും ഇന്ന് മാധ്യമങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
5. മാധ്യമങ്ങള്‍ക്ക് അടിയറ പറയരുത്! മാധ്യമങ്ങള്‍ക്ക് അടിയറ പറയുകയല്ല വേണ്ടത്, പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കുമായി അവ ഉപയോഗിക്കുന്നതിനുള്ള കരുത്താര്‍ജ്ജിക്കുകയാണു വേണ്ടത്. അങ്ങനെ നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങള്‍ ശരിയാംവണ്ണം നന്മയ്ക്കായി ഉപോയോഗിക്കാനുള്ള അവബോധവും കരുത്തും നല്കുന്ന പ്രക്രിയയ്ക്കാണ് മാധ്യമാവബോധം അല്ലെങ്കില്‍ മാധ്യമബോധനം എന്നു പറയുന്നത്. കുട്ടികള്‍ കൊലപാതകത്തിലും ക്രൂരകൃത്യങ്ങളിലും ഏര്‍പ്പെടുന്ന സംഭവങ്ങള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചു വരികയാണ്. തോക്ക് ഉപയോഗിച്ച് സ്ക്കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ അല്ലെങ്കില്‍ അദ്ധ്യാപികയെ വകവരുത്തുന്ന സംഭവങ്ങള്‍ പശ്ചാത്യലോകത്തിന്‍റേതെന്ന് പറഞ്ഞു തള്ളാവുന്നതല്ല. ഭാരതത്തിലും കൊച്ചു കേരളത്തിലും കത്തിയും കഠാരയുമെടുക്കുന്ന കുഞ്ഞിക്കൈകളുടെ സമാനസംഭവങ്ങള്‍ സമൂഹിക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നാം ചിന്തിക്കുന്നത് ഉചിതമാണ്. നാടിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അനുദിനം വളര്‍ന്നു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദൈവത്തിന്‍റെ നാട്ടിലും, സംസ്ക്കാരസമ്പന്നരുടെ മണ്ണിലും, അഭ്യസ്തവിദ്യരുടെ സമൂഹത്തിലുമാണ് ഇതെല്ലാം സംഭവിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അതുപോലുള്ള ക്രിമിനല്‍ സംഭവങ്ങളുടെയും കണക്കില്‍ ഇന്ന് കേരളം മുന്‍പന്തിയിലാണെന്നും പറയാന്‍ വിഷമം തോന്നുന്നു.
6. ദൈവത്തിന്‍റെ നാട്ടില്‍ മാധ്യമങ്ങള്‍! ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, National Crimes Records Bureau, NCRB സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നു. സാമൂഹിക കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന ഭാരതസര്‍ക്കാരിന്‍റെ കേന്ദ്രം NCRB പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് കേരളത്തിന്‍റെ ഉയര്‍ന്ന അധാര്‍മ്മിക സ്വഭാവം പഠനങ്ങളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളിലെ പ്രതിമാസ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തില്‍. അതായത് അന്യസംസ്ഥാനങ്ങളില്‍ പ്രതിമാസം 200 കേസുകള്‍ എണ്ണപ്പെടുകയാണെങ്കില്‍ കേരളത്തില്‍ 400-റായി അവ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ‘റെജിസ്റ്റര്‍’ചെയ്തിട്ടുള്ള ഗാര്‍ഹികപീഡനം, സ്ത്രീപീഡനം, കൊലപാതകം, കൊലപാതകശ്രമം, ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, രാഷ്ട്രീയ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ അവലോകനം ചെയ്താണ് ദേശീയ ക്രൈം റെക്കോര്‍ഡിങ്ങ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷരതയുടെയും ആരോഗ്യപരിപാലനയ്ക്കുള്ള സംവിധാനങ്ങളുടെയും കാര്യത്തില്‍ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തില്‍ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് NCRB പുറത്തുവിട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളുടെ വിപരീത സ്വാധീനം കേരള സംസ്ക്കാരത്തില്‍ ചൂഴ്ന്നിറങ്ങുന്നുണ്ടെന്നും, നമ്മുടെ നാടിന്‍റെ നിഷേധാത്മകമായ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാധ്യമങ്ങള്‍ക്ക് അതില്‍ നല്ലൊരു പങ്കുണ്ടെന്നും പറയാതിരിക്കാനാവില്ല. കാരണം വിവേചനമില്ലാതുള്ള ടിവി, സിനിമ സീരിയലുകളോടും വികലമായ മാധ്യമപരിപാടികളോടും ഭ്രമമുള്ളവരായി മാറുന്നുണ്ട് നല്ലൊരു ശതമാനം മലയാളി സമൂഹവും.
7. നാം എങ്ങോട്ട്? നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതു നല്ലതാണ്? നാടിന്‍റെ സാമൂഹ്യ മനഃസ്സാക്ഷിയില്‍ വ്യാപകമായി വളര്‍ന്നുവരുന്ന മൂല്യച്ഛ്യുതിയാണ് കൊലപാതമായും അക്രമമായും അഴിമതിയായും മദ്യാപാനമായും സ്ത്രീപീഡനമായും ആധാര്‍മ്മികതയായും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ, ടെലിവിഷന്‍ സീലിയലുകള്‍, പരസ്യങ്ങള്‍ എന്നവയില്‍ കണ്ടുവരുന്ന മൂല്യബോധമില്ലായ്മയുടെ വികലവും അധാര്‍മ്മികവുമായ രംഗങ്ങളും കഥാതന്തുക്കളും അക്രമപ്രവണതയുടെയും സാമൂഹിക തിന്മയുടെയും വിത്ത് പിഞ്ചു മനസ്സുകളില്‍ പാകുന്നുണ്ട്.
എന്തു കെട്ടിച്ചമച്ചും പ്രേക്ഷകരെ രസിപ്പിക്കണം എന്ന ലക്ഷൃം മാത്രമായി ഇറങ്ങുന്ന ചാനലുകളും സീരിയലുകളും അവയുടെ നിര്‍മ്മാതാക്കളും സംവിധായകരും സഭ്യതയുടെ പരിധികള്‍ സദാ ലംഘിക്കുകയാണ്. അങ്ങനെ അവര്‍ അറിയാതെതന്നെ അക്രമങ്ങളുടെയും ആധാര്‍മ്മികതയുടെയും പ്രയോക്താക്കളായി മാറുന്നു. അറിയുവാനുള്ള അവകാശം മനുഷ്യന് അടിസ്ഥാനമാണ്. മനുഷ്യാവകാശവും പൊതുജനത്തിന്‍റെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ നിയമസംവിധാനവും ജൂഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമ ജാഗ്രതതന്നെയാണ് നീതിയും ധാര്‍മ്മികതയും ഉറപ്പാക്കാനുള്ള മാര്‍ഗ്ഗമെന്നാണ് പൊതുവെയുള്ള വിശ്വാസം. തല്‍സ്ഥാനത്ത് ഇന്ന് ഒരു വിശ്വാസവഞ്ചനയാണ് മാധ്യമങ്ങളിലൂടെ നടക്കുന്നത്. നന്മയുടെയും മൂല്യങ്ങളുടെയും പ്രയോക്താക്കളാകേണ്ട മാധ്യമങ്ങള്‍, സത്യവും യാഥാര്‍ത്ഥ്യവും മറന്ന് ലാഭേച്ഛയോടെ, വാര്‍ത്തയും പരിപാടികളും കെട്ടിച്ചമയ്ക്കാനുള്ള ബദ്ധപ്പാടും കിടമാത്സര്യവുമാണ് പ്രകടമാക്കുന്നത്.
ഇന്ന് ഏതൊരു കുടുംബത്തിലെയും അംഗമാണ് ടി.വി. എവിടെയും നടക്കുന്ന, എന്തു പരിപാടിയും തത്സമയം നമുക്ക് എത്തിച്ചു തരുന്നത് ടിവി, ഇന്‍റെര്‍നെറ്റുപോലുള്ള മാധ്യമശൃംഖലകളാണ്. സമൂഹത്തിലെ അപച്ഛ്യുതികളും മൂല്യച്യതികളും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളും സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വിവരം വിദ്യ വിനോദം എന്നിവ പകര്‍ന്നുനല്കേണ്ട മാധ്യമങ്ങള്‍, വിവേചനത്തോടെ കൈകാര്യംചെയ്തില്ലെങ്കില്‍, അവ നമ്മെ വഴിതെറ്റിക്കാന്‍ ഇടയാകും എന്നതില്‍ സംശയമില്ല.
8. ടെലിവിഷന്‍ ഭ്രമം നവസാങ്കേതികതയുടെ അതിപ്രസരത്തില്‍ കുട്ടികള്‍ ടിവി –‘അഡിക്ടു’കളായി മാറുന്നു. ക്രൂരതയുടെ ദൃശ്യങ്ങള്‍ കാണുന്ന കുഞ്ഞുങ്ങള്‍, അക്രമത്തോടും, ജീവിതത്തിന്‍റെ പരുപരുക്കന്‍ രീതികളോടും നിസംഗരായി മാറുന്നു. ഇന്ന് സമൂഹത്തില്‍ പ്രബലപ്പെടുന്ന ഉപഭോഗസംസ്ക്കാരത്തിനും, മാത്സര്യസംസ്ക്കരത്തിനും കാരണം ഒരു പരിധിവരെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍തന്നെയാണ്. സാമൂഹിക നന്മകളും തിന്മകളും ഒരുപോലെ പ്രതിഫലിക്കേണ്ട കണ്ണാടിയാണ് മാധ്യമങ്ങള്‍. നമ്മുടെ സ്വഭാവം പെരുമാറ്റം, പ്രതീക്ഷ, ഇഷ്ടാനിഷ്ടങ്ങള്‍, ചെലവ്, ആഘോഷങ്ങള്‍ ഇതിന്‍റെയെല്ലാം മാര്‍ഗ്ഗരേഖയായി മാറുന്നത് മാധ്യമങ്ങളാണ്. വാര്‍ത്തകള്‍പോലും ഇന്ന് ഉല്പന്ന പ്രാധാന്യമാണ്. മാധ്യമങ്ങള്‍ അതിനെ ഇഷ്ടതാരങ്ങളിലൂടെയും പ്രമുഖരിലൂടെയും ‘പാക്കേജ്’ചെയ്താണ് ഇന്ന് കുട്ടികളുടെ മുന്നില്‍ മാത്രമല്ല മുതിര്‍ന്നവരുടെയും മുന്നില്‍ എത്തുന്നത്, പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
കേരളം ഇന്ന് ആത്മഹത്യയുടെ നാടായി മാറിയതിനു പിന്നിലെ കാരണം കടക്കെണിയാണ്, ഉപഭോഗസംസ്ക്കാരത്തില്‍ മുളയെടുത്ത കടബാദ്ധ്യതകളാണ്. പലപ്പോഴും ഈ ബാദ്ധ്യതകള്‍ ആഡംബരവും ആര്‍ഭാട വിവാഹങ്ങളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും, മാത്സര്യബുദ്ധിയോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായവും വരുത്തിക്കൂട്ടുന്നതാണ്. പണമുണ്ടെങ്കില്‍ എന്തെല്ലാം സ്വായത്തമാക്കാം എന്ന വിചാരം അതിന്‍റെ പിന്നിലുണ്ട്. സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാനം, എന്നിങ്ങനെയുള്ള മാധ്യമ പ്രചാരണങ്ങളാണ് ‘ശബരീനാഥന്മാരെ’ കേരളത്തില്‍ സൃഷ്ടിക്കുന്നത്.
റിയാലിറ്റിഷോകള്‍ മറ്റൊരു സാമൂഹിക വിപത്താണ്. വളരെയധികം കഴിവുകള്‍ അംഗീകരിപ്പെടുന്നു എന്നു സമ്മതിക്കുമ്പോഴും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടുത്താന്‍ റിയാലിറ്റിഷോയ്ക്കു സാധിക്കും. കൗമാരം എന്നു പറയുന്നത് 13-മുതല്‍ 18-വരെ പ്രായമുള്ള കുട്ടികളേയായിരുന്നു. 10 മതുല്‍ 13 വരെ പ്രായമുള്ളവരെ ‘ടീന്‍സ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിടവ് ഇന്ന് ഇല്ലാതയിരിക്കുന്നു. ഇന്ന് പത്തു വയസ്സുള്ള കുട്ടിയും വേഷവിദാനത്തിലും പെരുമാറ്റത്തിലും മുതിര്‍ന്നവരുടെ ആഗ്രഹങ്ങള്‍ വച്ചുപലര്‍ത്തുന്നു. മാധ്യമങ്ങള്‍ക്കതില്‍ പങ്കില്ലേ!?
9. മാധ്യമങ്ങള്‍ നന്മയുടെ ചാലകശക്തി മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക് നിരാകരിക്കുന്നില്ല. മലിനീകരണം, പകര്‍ച്ചവ്യാധികള്‍, എച്ച്ഐവി ബാധിതരായ കുട്ടികളുടെ അവസ്ഥ, അവര്‍ അനുഭവിക്കുന്ന വിവേചനം, പരിസ്ഥിതിനാശം, മതപീഡനം, ഭീകരാക്രമണം മുതലായവ വസ്തുതകള്‍ ദൃശ്യമാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ കൊണ്ടുവരുന്നു, അവബോധം വളര്‍ത്തുന്നു. സാക്ഷരത ഇല്ലാത്തവര്‍പോലും ജലമലിനീകരണത്തെപ്പറ്റിയും അതുമൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ചുമെല്ലാം അവബോധം കൈവരിക്കുന്നത് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍, പൊലീസ് പീഡനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍ റോഡ് നിയമലംഘനങ്ങള്‍, ഭൂമി കൈയ്യേറ്റം എല്ലാം വെളിപ്പെടുത്തപ്പെടുന്നതും, അവബോധം നല്‍കപ്പെടുന്നതും സമ്പര്‍ക്കമാധ്യമങ്ങളിലൂടെയാണ്.
അറിവു ശക്തിയാണ്. അറിവും വിവരവും തരുന്നതു മാധ്യമങ്ങളാണ്. നമ്മുടെ ജീവിതത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തി മാറ്റത്തിനു വഴിയൊരുക്കി, സമത്വവും സാമൂഹികനീതിയും സുരക്ഷയും അവസര സമത്വവും അതിനാവശ്യമായ പുതിയ മനോഭാവവും മനഃസ്ഥിതിയും മൂല്യസംഹിതയും നല്കുന്നതിന് മാധ്യമങ്ങള്‍ക്കു സാധിക്കട്ടെ! മാതാപിതാക്കളും അദ്ധ്യാപകരും മാധ്യമ പ്രവര്‍ത്തകരും സമൂഹത്തിലെ നേതാക്കളുമെല്ലാം ഭാവിതലമുറയുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്. മാധ്യമങ്ങളുടെ വിപരീത സ്വാധീനത്തില്‍നിന്നും കുട്ടികളെ സ്വതന്ത്രരാക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് ഇവര്‍ക്കാണുള്ളത്.
10. പ്രായോഗികമെന്ന തോന്നുന്ന ചിന്തകള്‍ കുട്ടികളെ മാധ്യമാവബോധമുള്ളവരാക്കാന്‍ സഹായകമാകുമെന്നു കരുതുന്ന ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കട്ടെ: കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേയ്ക്ക് നയിക്കാന്‍ സഹായകമാകുന്നൊരു സമയ-സൂചിക, ടൈംടേബിള്‍ തയ്യാറാക്കി അവര്‍ക്കു നലക്കുക. അതു പാലിക്കാന്‍ അവരെ സഹായിക്കുക. പഠനത്തിനും വിശ്രമത്തിനും എന്ന പോലെ ടിവി പരിപാടികള്‍ക്കും ഉല്ലാസത്തിനും ദിനചര്യയില്‍ സമയം കണ്ടെത്തുക. കുട്ടികള്‍, കുട്ടികളുടെ പരിപാടികള്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഉതകുന്ന പരിപാടികള്‍ മാത്രം അവര്‍ക്ക് കാണുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക . സമപ്രായക്കാരായവരോട് ഇടപഴകാനും, പുറംവാതില്‍ക്കളികളില്‍ ഏര്‍പ്പെടുനും അവസരമൊരുക്കുക. വ്യക്തിപരമായി ഓരോ കുട്ടിക്കുമുള്ള സവിശേഷമായ കഴിവുകള്‍ കണ്ടെത്തി, അത് പരിപോഷിപ്പിക്കുക. ഉദാഹരണത്തിന്, കല, സംഗീതം, നൃത്തം, കായികം, കളി, കൃഷി, പക്ഷിവളര്‍ത്തല്‍ എന്നിങ്ങനെ. കുട്ടികള്‍ കാണുന്ന പരിപാടികള്‍ അവര്‍ക്കൊപ്പം മുതിര്‍ന്നവരും കാണുക, എന്നിട്ട് ആവശ്യംപോലെ അവരെ സാഹായിക്കുക, നയിക്കുക.
കുട്ടികള്‍ക്കുള്ള പരിപരിപാടികള്‍, പ്രത്യേകിച്ച് മൂല്യാധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കുന്നതിന് മാധ്യമപ്രവര്‍ത്തകരും, ഭരണകര്‍ത്താക്കളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക. വിനോദ പരിപാടികളില്‍ എന്നപോലെ, വിജ്ഞാന പരിപാടികളിലും കുട്ടികളെ മെല്ലെ തല്പരരാക്കുക.
മാധ്യമ സൃഷ്ടമായ ലോകത്ത് നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങളെ നന്മയ്ക്കായ് ഉപയോഗിക്കാന്‍ സാധിക്കട്ടെ! മാധ്യമാവബോധമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് നന്മയുടെ പ്രയോക്താക്കളാകാം, കൈകോര്‍ക്കാം!
Source: radiovaticana.va