Reviewing Feast Celebrations
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന ലേഖനത്തിൽ നമ്മുടെ തിരുനാളാഘോഷങ്ങൾ ധൂർത്തിനും ആർഭാടത്തിനും ഉള്ള വേദികളാകാതെ ഭക്തിസാന്ദ്രമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. തിരുനാളുകളുടെ ഏറ്റവും വലിയ ആഘോഷം ദൈവജനം ഒന്നുചേർന്ന് അർപ്പിക്കുന്ന ബലിയർപ്പണം ആണ്. ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളും, കാതടപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ശബ്ദമലിനീകരണതോത് ഉയർത്തുന്ന വാദ്യമേളങ്ങളും കൊണ്ട് തിരുനാളുകളുടെ ചൈതന്യം നഷ്ടപ്പെട്ടു പോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രാർത്ഥിക്കുവാനും വിശ്വാസജീവിതത്തിൽ ആഴപ്പെടുവാനും തിരുനാളുകൾ വിശ്വാസികൾക്ക് ഉപകരിക്കണം. തിരുനാളുകൾ ആത്മീയ ആഘോഷങ്ങളാകണം. ഭൗതീകതയുടെ പ്രകടനം ആകരുത്. ഇപ്പോൾ തിരുനാളുകൾ എല്ലാം ശബ്ദമുഖരിതമാണ് അനൗൺസ്മെന്റും വാദ്യമേളങ്ങളും വെടിപടക്കങ്ങളും കൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ ശാന്തമായി പ്രാർത്ഥിക്കുവാനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. ബാഹ്യമായ ഈ പ്രകടനങ്ങളെല്ലാം തിരുനാളുകളിലേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ്.ഓരോ വർഷം കഴിയും തോറും വാദ്യമേളങ്ങളുടെ എണ്ണം, തരം, കലാപരിപാടികളുടെ എണ്ണം, സിനിമാ താരങ്ങളുടെ മെഗാഷോകൾ, നേർച്ച വരവിന്റെ വർധന തുടങ്ങിയവയാണ് തിരുനാളുകളുടെ വിജയത്തിന്റെ മാനദണ്ഡം എന്ന് വന്നിരിക്കുന്നു.
ഉൂട്ടുനേർച്ച തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി പുനഃ പരിശോധനയ്ക്ക് വിഷയമാക്കേണ്ടതാണെന്നും പിതാവ് ലേഖനത്തിൽ സൂചിപ്പിക്കുന്നു. ഇതും മേൽപ്പറഞ്ഞ ബാഹ്യ ആഘോഷങ്ങളും തിരുനാളുകളുടെ ആത്മീയതയെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രസിദ്ധമായ തിരുനാൾ നടക്കുന്ന ദേവാലയത്തിൽ ചെയ്യുന്നതെല്ലാം ചെറു ദേവാലയങ്ങളും അനുകരിക്കുകയാണ്. തിരുനാളിനു കാരണഭൂതനായ വിശുദ്ധൻറെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാധ്യസ്ഥ ശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണ് വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്.
തിരുനാളാഘോഷങ്ങൾക്ക് വേണ്ടി നേർച്ചപ്പണത്തിന്റെ നല്ലൊരുഭാഗം ചെലവുചെയ്യേണ്ടതായി വരികയും ചെയ്യും. നേർച്ചപ്പണം ഇപ്രകാരം ധൂർത്തിനായിചെലവുചെയ്യുന്നതു ന്യായികരിക്കാൻ സാധിക്കുകയില്ല.വിശ്വാസത്തിന്റെയും ഭക്തിയുടെയും നിറവിൽ ജനങ്ങൾ നൽകുന്ന നേർച്ച ആരാധനയുടെ ആവശ്യങ്ങൾക്കും കാരുണ്യ പ്രവർത്തികൾക്കും വേണ്ടിയല്ലേ ചെലവഴിക്കേണ്ടത്? തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസമായി മാറിയിരിക്കുകയാണ്. തിരുനാളുകൾക്ക് പുതിയ രൂപവും ഭാവവും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്ന വെടിക്കെട്ടിന് മാറ്റിവച്ചിരിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ നിരവധി ദേവാലയങ്ങൾ തീരുമാനിച്ചിരിക്കുന്നത് നല്ല മാതൃകയാണ്. ഇതുപോലെ തിരുനാളുകളുടെ അധികച്ചെലവും ആർഭാടവും നിയ്രന്തിച്ചു കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഇടവകകളും ഉണ്ട്.
ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകൾ ആഢംബരത്തിന്റെ അവസരങ്ങളാക്കി മാറ്റരുത്. തിരുനാളുകളിൽ യേശുവിന്റെ ജീവിത രഹസ്യങ്ങളോ വിശുദ്ധരുടെ ജീവിത മാതൃകകളോ മുൻനിറുത്തി നാം നമ്മുടെ ജീവിതത്തെ ആഘോഷപൂർവ്വകമായ ഒരു അനുഭവത്തിലേക്ക് കൊണ്ടുവരണം. ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശിശ്രുഷകൾ, തിരുവചന ധ്യാനങ്ങൾ, പ്രാത്ഥനകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചുകൊണ്ടുമുള്ള പ്രദക്ഷിണങ്ങൾ.ക്രൈസ്തവ സന്ദേശം പ്രചരി പ്പിക്കുന്ന കലാപരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവയാണ് തിരുനാളുകളെ അർത്ഥപൂർണമാക്കുന്നത്.
ലളിത ജീവിതത്തിലേക്ക് സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ചൈതന്യത്തിനു യോജിച്ച രീതിയിൽ തിരുനാൾ ആഘോഷങ്ങളെ നമുക്ക് നവീകരിക്കാം. തിരുനാളുകൾ ആത്മീയ ആഘോഷങ്ങളാക്കാം. ഇടവക കൂട്ടായ്മയുടേയും സഭാ കൂട്ടായ്മയുടേയും വളർച്ചയ്ക്കു കാരണമാക്കാം. സാമൂഹിക പ്രതിബദ്ധതയോട് കൂടിയ സത്കർമ്മങ്ങളും കാരുണ്യപ്രവർത്തികളും കൊണ്ട് തിരുനാളുകളെ ക്രൈസ്തവ സാക്ഷ്യത്തിന്റെ അവസരങ്ങളാക്കാം.
Source:www.syromalabarchurch.in