Blog

Closing of Eparchial Tribunal: Mar Makil

കോട്ടയം വികാരിയാത്തിന്റെ പ്രഥമ മെത്രാന്‍ ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഇന്ന്‌ കോട്ടയത്ത്‌ നടത്തപ്പെടും. ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന കൃതജ്ഞതാ ബലിയില്‍ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലും അതിരൂപതയിലെ വൈദികരും സഹകാര്‍മ്മികരായി പങ്കെടുക്കും. അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തും. നാമകരണ നടപടികളുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ ആധികാരികത എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ്‌ റവ. ഡോ. തോമസ്‌ ആദോപ്പള്ളില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന്‌ പ്രസ്‌തുത രേഖകള്‍ വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്‌ സമര്‍പ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട സിസ്റ്റര്‍ മേഴ്‌സിലറ്റ്‌ എസ്‌.വി.എം സത്യപ്രതിജ്ഞ ചെയ്‌ത്‌ മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും ഏറ്റുവാങ്ങും. അതിരൂപതാതല നടപടിക്രമങ്ങള്‍ക്ക്‌ സമാപനംകുറിച്ചുകൊണ്ട്‌ മാര്‍ മാത്യു മൂലക്കാട്ട്‌, റവ. ഡോ. തോമസ്‌ ആദോപ്പള്ളില്‍, പ്രമോട്ടര്‍ ഓഫ്‌ ജസ്റ്റീസ്‌ റവ. ഫാ. തോമസ്‌ ആനിമ്മൂട്ടില്‍, നോട്ടറി റവ. ഫാ. സജി മെത്താനത്ത്‌, അഡ്‌ജംക്‌ട്‌ നോട്ടറി സിസ്റ്റര്‍ ബെനീഞ്ഞ്‌ എസ്‌.വി.എം, കോപ്പിയിസ്റ്റ്‌ സിസ്റ്റര്‍ ജോബി എസ്‌.വി.എം, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ മേഴ്‌സിലറ്റ്‌ എസ്‌.വി.എം, വൈസ്‌ പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ജെസ്‌ന എസ്‌.വി.എം എന്നിവര്‍ മാര്‍ മാക്കീല്‍ പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട നടപടികള്‍ വിശ്വസ്‌തതയോടെ നിറവേറ്റിയെന്ന്‌ സത്യപ്രതിജ്ഞ ചെയ്യും. അതിരൂപതാ ചാന്‍സിലര്‍ റവ. ഡോ. തോമസ്‌ കോട്ടൂര്‍ അതിരൂപതാ കാര്യാലയത്തില്‍ സൂക്ഷിക്കേണ്ട നടപടിക്രമ രേഖകളുടെ പകര്‍പ്പുകള്‍ ഏറ്റുവാങ്ങും. കോട്ടയം അതിരൂപതയുടേയും ക്‌നാനായ സമുദായത്തിന്റെയും സമഗ്ര വളര്‍ച്ചയ്‌ക്കായി സമര്‍പ്പണം ചെയ്‌ത മാര്‍ മാത്യു മാക്കീല്‍ 2009 ജനുവരി 26 നാണ്‌ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്‌. ശുശ്രൂഷകളില്‍ അതിരൂപതയിലെ വൈദിക, സന്യസ്‌ത, അല്‍മായ പ്രതിനിധികള്‍ പങ്കെടുക്കും.

Source: kottayamad.org