Blog

Faith Should be Reflected in Life

Faith-Year-Conclusion

വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം ഹൃദയങ്ങളില്‍ ഏറ്റുവാങ്ങി നന്മയുടെ സന്ദേശം പകരുന്നവരും വിശ്വാസത്തില്‍ ആഴപ്പെട്ടവരുമായി രൂപാന്തരപ്പെടണമെന്ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു. കോട്ടയം അതിരൂപതയിലെ വിശ്വാസവര്‍ഷ സമാപനത്തോടനുബന്ധിച്ച്‌ ക്രിസ്‌തുരാജ കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ സന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം.
വിശ്വാസം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന കൃപയാണ്‌. കുടുംബങ്ങളിലുള്ള വിശ്വാസത്തിന്റെ ശക്തിയും, കൂട്ടായ്‌മയുടെ കരുത്തും വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ വഴികാട്ടിയായി മാറും. സ്‌നേഹത്തില്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം കുടുംബങ്ങളിലും, ഇടവകകളിലും ജ്വലിക്കുമ്പോഴാണ്‌ വിശ്വാസവര്‍ഷം അര്‍ഥപൂര്‍ണവും അനുഗ്രഹദായകവുമാകുന്നതെന്ന്‌ മാര്‍ മൂലക്കാട്ട്‌ പറഞ്ഞു.
അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ എന്നിവരും അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികത്വം വഹിച്ച സമൂഹബലിയില്‍ പങ്കുചേരാന്‍ എല്ലാ ഇടവകകളില്‍നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. ദിവ്യബലിക്കുശേഷം മാര്‍ മൂലക്കാട്ട്‌ ചൊല്ലിക്കൊടുത്ത വിശ്വസ പ്രതിജ്ഞ സമൂഹം ഏറ്റുചൊല്ലി.
കത്തീഡ്രലില്‍ രാവിലെ ആറിനുള്ള ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ ആരാധനയോടെയാണ്‌ വിശ്വാസവര്‍ഷ സമാപന ചടങ്ങുകള്‍ തുടങ്ങിയത്‌. 12 മണിക്ക്‌ നടന്ന പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണത്തിനും, ആശീര്‍വാദത്തിനും മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ കാര്‍മികത്വം വഹിച്ചു.

Source: Kottayamad.org