Blog

Transfiguration of the Lord Jesus

ഇവിടെ ആയിരിക്കുന്നത് നല്ലത്!    ആരാധനക്രമപ്രകാരം ഞായറാഴ്ച ആചരിച്ച കര്‍ത്താവിന്‍റെ രൂപാന്തരീകരണ തിരുനാളിനെക്കുറിച്ചായിരുന്നു പാപ്പാ ഫ്രാന്‍സിസ് നല്കിയ വിചിന്തനം. ക്രിസ്തുവിന്‍റെ പ്രിയ ശിഷ്യന്മാരായ പത്രോസും യാക്കോബും യോഹന്നാനും ഈ മഹല്‍സംഭവത്തിന്‍റെ സാക്ഷികളായിരുന്നു (മത്തായി 17, 1-9). ജരൂസലേമിലേയ്ക്കു പോകുംവഴി ക്രിസ്തു അവരെ ഒരു ഉയര്‍ന്ന മലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി (മത്തായി 17, 1). അവിടെ പ്രാര്‍ത്ഥിക്കവെ അവിടുത്തെ മുഖം തേജസ്സാര്‍ന്നു. സൂര്യനെപ്പോലെ പ്രശോഭിച്ചു. വസ്ത്രം വെണ്മയാര്‍ന്നു. മോശയും ഏലിയായും ഇറങ്ങിവന്ന് അവിടുത്തോടു സംവദിച്ചു. അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, നമ്മള്‍ ഇവിടെയായിരിക്കുന്നത് നല്ലതാണ്! അങ്ങേയ്ക്ക് ഇഷ്ടമാണെങ്കില്‍ നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ നിര്‍മ്മിക്കാം. ഒന്ന് അങ്ങേയ്ക്കും, പിന്നെ മോശയ്ക്കും, മറ്റൊന്ന് ഏലിയായ്ക്കും…” (4). പറഞ്ഞുനില്ക്കെ ഒരു വെണ്‍മേഘം വന്ന് അവരെ മൂടിക്കളഞ്ഞു.

രൂപാന്തരീകരണം തരുന്ന  പ്രത്യാശ    പ്രത്യാശപകരുന്ന തിരുനാളാണ് ക്രിസ്തുവിന്‍റെ രൂപാന്തരീകരണം. മനുഷ്യര്‍ ദൈവത്തോടു കൂടെ ആയിരിക്കുന്നതിനും, സഹോദരങ്ങള്‍ക്ക് ശുശ്രൂഷചെയ്തു ജീവിക്കാനും ഈ തിരുനാള്‍ ഏവരെയും ക്ഷണിക്കുന്നു. ലോകത്തിന്‍റേതായ ശൈലികളില്‍നിന്നും ഭൗമികവസ്തുക്കളില്‍നിന്നും അകന്ന്, ആത്മീയ മലകയറി ക്രിസ്തുവിനെ ധ്യാനിച്ചു ജീവിക്കാനുള്ള പ്രചോദനമാണ് ശിഷ്യന്മാരുടെ താബോര്‍ ആരോഹണം ഇന്നും നല്കുന്ന പ്രചോദനം. വിധേയത്വത്തോടെയും സന്തോഷത്തോടെയും വചനം ഉള്‍ക്കൊണ്ട്, പിതാവിനോട് ഗാഢമായി ഐക്യപ്പെട്ട് ശ്രദ്ധാപൂര്‍വ്വവും പ്രാര്‍ത്ഥനാപൂര്‍വ്വവും അവിടുത്തെ സ്വരം ശ്രവിക്കാനും, അവിടുത്തെ ഹിതം അറിയാനുമാണ് ക്രിസ്തു താബോര്‍ മലയുടെ ഏകാഗ്രതയിലേയ്ക്ക് പോയത്. താബോറിലെ രൂപാന്തരീകരണ സംഭവത്തിലൂടെ അവിടുന്നു കാണിച്ചു തരുന്നത് – ചുറ്റുമുള്ള ലോകത്തില്‍നിന്നുള്ള വിടുതലും,  ഒരു ആത്മീയ ആരോഹണവുമാണ്. അവിടുന്നു പഠിപ്പിക്കുന്ന ഈ പരിത്യാഗത്തിന്‍റെ ആത്മീയശൈലി അനുകരിച്ച് അനുദിന ജീവിതത്തില്‍ മനോഹരവും, മഹത്വമാര്‍ന്നതും, സമാധാനപൂര്‍ണ്ണവും വചനസാന്ദ്രവുമായ ധ്യാനാത്മകതയുടെ ഏകാഗ്രമായ നിമിഷങ്ങള്‍ കണ്ടെത്താന്‍ അവിടുന്നു നമ്മെ ഇന്നും ക്ഷണിക്കുന്നു.

ക്രിസ്തു സാമീപ്യം തരുന്ന ആത്മീയവെളിച്ചം   തിരുവചനം കൈയ്യില്‍ എടുത്ത് നാം ആത്മീയ മലകയറുമ്പോള്‍, ഒരാന്തരിക സൗന്ദര്യവും സന്തോഷവും അനുഭവിക്കാന്‍ ഇടവരും. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കും കണ്ടുമുട്ടലിനും താല്ക്കാലിക അവസരമൊരുക്കുന്ന ഇടവേളകളായി ജീവിതത്തിലെ‍ അവധി ദിവസങ്ങളെ മാറ്റുന്നത് ഈ കാഴ്ചപ്പാടാണ്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും അവധി ദിവസങ്ങളുണ്ട്. ഉഷ്ണകാലത്തും മറ്റ് അവസരങ്ങളിലുമെല്ലാം കുടുംബങ്ങളും അവധിയെടുക്കാറുണ്ടല്ലോ! അതിനാല്‍ അനുദിന ജീവിത വ്യഗ്രതകളില്‍നിന്നകന്ന് ആത്മീയവഴിയെ നടന്ന്, ശരീരത്തിനും ആത്മാവിനും നവോര്‍ജ്ജം നല്കുന്ന സമയമായി അവധിക്കാലം ഉപയോഗപ്പെടുത്താം.

മലയിറങ്ങുന്ന പുനര്‍ജനികള്‍    മലമുകളില്‍ രൂപാന്തരപ്പെട്ട ക്രിസ്തുവുമായി കൂടിക്കാഴ്ച നടത്തി, മനസ്സിനും  ശരീരത്തിനും നവോത്മേഷം നേടിയ ശിഷ്യന്മാര്‍ ആത്മനിര്‍വൃതിയുടെ അനുഭവവുമായിട്ടാണ് മലയിറങ്ങിയത് (9). നാം പിന്‍ചെല്ലേണ്ട ക്രിസ്തു കാണിച്ചുതരുന്ന പുനര്‍ജനിയുടെയും നവജീവന്‍റെയും  പാതയാണിത്. എന്നും ജീവിക്കുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ സാദ്ധ്യതകള്‍ അനന്തമാണ്.  ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകളാല്‍ നവീകൃതരായി, അവിടുത്തെ ചൈതന്യത്താല്‍ നിറഞ്ഞവരായി നമുക്കും മലയിറങ്ങാം. അത് യഥാര്‍ത്ഥമായ മാനസാന്തരത്തിന്‍റെ പുതിയ കാല്‍വയ്പും, സ്നേഹപ്രവൃത്തികള്‍ ജീവിതനിയമമാക്കി അനുദിനം മുന്നോട്ടു പോകുന്നതിനുള്ള ക്രൈസ്തവസാക്ഷ്യത്തിന്‍റെ ചുവടുവയ്പുമാണ്. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്താലും അവിടുത്തെ വചനത്താലും രൂപാന്തരീകൃതരായി സഹോദരങ്ങള്‍ക്ക്, വിശിഷ്യാ എളിയവര്‍ക്ക് നന്മചെയ്ത് ദൈവസ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍ ക്രിസ്തുവിലുള്ള രൂപാന്തരീകരണം നമ്മെ സഹായിക്കട്ടെ! ഏകാന്തതയും പരിത്യക്തതയും അനുഭവിക്കുന്നവരും, വിവിധ രോഗങ്ങളാല്‍ ക്ലേശിക്കുന്നവരും ലോകത്തിന്ന് നിരവധിയാണ്. അനീതിക്കും അഴിമതിക്കും അക്രമങ്ങള്‍ക്കും ഇരകളായി, വേദനിച്ചും വിഷമിച്ചും കഴിഞ്ഞുകൂടുന്ന സ്ത്രീ പുരുഷന്മാരും കുഞ്ഞുങ്ങളും എവിടെയും ധാരാളമുണ്ട്.

മലമുകളില്‍ ശ്രവിച്ച ദിവ്യസ്വരം    രൂപാന്തരീകരണ സംഭവത്തിന്‍റെ അനുസ്മരണയില്‍, അനുദിനജീവിതത്തില്‍ നാം കേള്‍ക്കേണ്ടത് ദൈവപിതാവിന്‍റെ സ്വരമാണ്. “ഇവനെന്‍റെ പ്രിയപുത്രന്‍! നിങ്ങള്‍ ഇവനെ ശ്രവിക്കുവിന്‍!!” നാമും ഈ ദിവ്യസ്വരം ശ്രവിക്കണം, ശ്രദ്ധിക്കണം (5). ദൈവവചനത്തിന് സദാ കാതോര്‍ക്കുകയും, അത് ഉള്‍ക്കൊള്ളുകയും, കാത്തുപാലിക്കുകയും ചെയ്ത പരിശുദ്ധ കന്യകാനാഥയുടെ മാതൃപാദങ്ങളെ പിന്‍ചെല്ലാം (ലൂക്കാ 1, 51). ദൈവവചനം ശ്രവിച്ചും അതനുസരിച്ചും ജീവിച്ച അമ്മയും ദൈവമാതാവുമായ കന്യകാംബിക നമ്മെ തുണയ്ക്കട്ടെ! അതുവഴി ക്രിസ്തു നമ്മുടെ ജീവല്‍പ്രകാശമാകട്ടെ!

ശോഭനമാകേണ്ട  ഇടവേളകള്‍    ജീവിതത്തില്‍ നമുക്കു കിട്ടുന്ന ഇടവേളകളും വിശ്രമദിനങ്ങളും ശോഭനമാക്കാന്‍ പരിശ്രമിക്കാം. എന്നാല്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളാല്‍ ഇടവേളകളില്ലാതെയും അവധിക്കാലമില്ലാതെയും ജീവിക്കുന്ന മനുഷ്യരും ലോകത്തുണ്ടെന്ന കാര്യം വിസ്മരിക്കരുത്.! രോഗികളും വയോധികരും എന്നും വീടുകളില്‍ത്തന്നെ കഴിയുന്നു. പാവപ്പെട്ടവര്‍ ഒരിടവുമില്ലാതെ അലയുന്നു. ഇവരെയെല്ലാം നാം ഓര്‍ക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും, എങ്ങനെയായാലും അല്പമെങ്കിലും വിശ്രമക്കാന്‍ സാധിക്കട്ടെ. അതുവഴി ഉല്ലാസവും, നവോന്മേഷവും ആത്മീയ സന്തോഷവും സകലര്‍ക്കും ലഭ്യമാകട്ടെ! ആശംസയോടും പ്രാര്‍ത്ഥനയോടുംകൂടെ പാപ്പാ ത്രികാലപ്രാര്‍ത്ഥനാപ്രഭാഷണം ഉപസംഹരിച്ചു.

ആശംസകളും  അശീര്‍വ്വാദവും    ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു അടുത്തത്. റോമില്‍നിന്നും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, ലോകത്തെ മറ്റു രാജ്യങ്ങളില്‍നിന്നും എത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ ആദ്യം അഭിവാദ്യംചെയ്തു.  ഇറ്റലിയിലെ വേറോന, ഏ‍ഡ്രിയ, കാമ്പൊദാര്‍സേഗോ, ഒഫനേംഗോ എന്നിവിടങ്ങളില്‍നിന്നും എത്തിയ യുവജനസംഘങ്ങളെ പ്രത്യേകം അഭിവാദ്യംചെയ്തു. എല്ലാവക്കുമൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും, അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുകയുംചെയ്തു.

ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങി. ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ട് നന്ദിപുരസ്സരം ഹസ്താരവം മുഴക്കി!

Source: Vatican radio