Knanaya Community is The Integral Part of SMC, Cardinal Alencherry
ക്നാനായ സമുദായവും കോട്ടയം അതിരൂപതയും സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച അതിരൂപതാ അസംബ്ലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമൂദായത്തിന്റെ പാരമ്പര്യവും ശക്തിയും നിലനില്ക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും സഭയുടെ വിവിധ തലങ്ങളില്‍ തിളങ്ങുന്ന വൈദികവരേണ്യരേയും അല്മായ പ്രമുഖരേയും സംഭാവന ചെയ്യുവാന്‍ കോട്ടയം അതിരൂപതയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. ആദിമസഭയുടെ ചൈതന്യത്തിലേക്ക് തിരികെ പോകുവാനും സഭയുടെ സാര്‍വ്വത്രിക സ്വഭാവത്തില്‍ നിന്നുകൊണ്ട് സമുദായമൂല്യങ്ങള് പരിപോഷിപ്പിക്കുവാനും അസംബ്ലി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സഭാത്മകവും വിശ്വാസ സംരക്ഷണത്തിനുതകുന്നതുമായ ആശയരൂപീകരണം നടത്തുവാനും ക്നാനായ സമുദായത്തിന്റെ അനന്യത നിലനിര്‍ത്തിക്കൊണ്ട് വിശ്വാസ വെളിച്ചത്തില്‍ മുന്നേറുവാനും അസംബ്ലി വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയിലും വിശ്വാസനിറവിലും മുന്നേറുന്ന ആത്മചൈതന്യമാണ് സീറോ മലബാര്‍ സഭയുടേതെന്നും ക്നാനായ സമുദായത്തിന്റെ തനതായ ശുശ്രൂഷകളിലൂടെ പൗരസ്ത്യ സഭയുടെ തനിമ സാര്‍വ്വത്രിക സഭയില്‍ പ്രതിഫലപ്പിക്കുവാന് സാധിക്കുക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് പ്രൊഫ. ഷൈനി സ്റ്റീഫന്‍ നടുവീട്ടില്‍, ക്നാനായ യൂത്ത് ലീഗ് പ്രസിഡന്റ് ഷിനോ മാത്യു കുന്നപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
അസംബ്ലിയുടെ സമാപനദിവസത്തിലെ കൃതജ്ഞതാ ബലിക്ക് മോണ്‍. ബിജു വയലുങ്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഐക്യത്തിലും ശുശ്രൂഷയിലും വിശ്വാസ വെളിച്ചത്തിലേയ്ക്ക് എന്ന വിഷയമാണ് നാല് ദിവസങ്ങളിലായി സമ്മേളിച്ച അതിരൂപതാ അസംബ്ലിയുടെ പ്രമേയമായി സ്വീകരിച്ചിരുന്നത്. ക്നാനായ സമൂഹത്തിന്റെ വളര്‍ച്ച, വിശ്വാസ പരിപോഷണം, ക്നാനായ കുടിയേറ്റം, മിഷണറി പ്രവര്‍ത്തനങ്ങള്‍, കുടുംബ നവീകരണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ തിന്മകളെ തടയുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കൂടാതെ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. വൈദികരും സന്യസ്തരും അല്മായവരും ഉള്‍പ്പെടെ 150 തോളം പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുത്തു.
Source: Kooayamad.org